കെവിന്‍ കൊലപാതകം: ദുരഭിമാനക്കൊലയായി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിന്മേല്‍ ഇന്ന് വാദം കേള്‍ക്കും

കോട്ടയം: കെവിന്‍ കൊലപാതകക്കേസ് ദുരഭിമാനക്കൊലയായി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിന്മേല്‍ ഇന്ന് വാദം കേള്‍ക്കും. കോട്ടയം സെഷന്‍സ് കോടതിയിലാണ് വാദം. ദുരഭിമാന കൊലയായി പരിഗണിച്ച്‌ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നതാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കെവിനെ നീനുവിന്റെ ബന്ധുക്കള്‍ കൊല്ലാന്‍ കാരണം ജാതീയമായ അന്തരം ആണെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഈ വാദം കോടതി കോടതി അംഗീകരിച്ചാല്‍ ആറുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാകും. നീനുവിന്റെ പിതാവും സഹോദരനും അടക്കം 14 പ്രതികളാണ് കേസിലുള്ളത്.

മെയ് 27നായിരുന്നു നാടിനെ മുഴുവന്‍ നടുക്കിയ കൊപാതകം നടന്നത്. കോട്ടയം മാന്നാനത്തെ വീട്ടില്‍ നിന്ന് കെവിനെയും ബന്ധുവിനെയും അക്രമികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ദലിത് വിഭാഗത്തില്‍പ്പെട്ട കെവിന്‍ നീനുവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തെന്മല ചാലിയേക്കരയിലെ തോട്ടില്‍ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്.

കെവിനെ പ്രതികള്‍ കരുതി കൂട്ടികൊലപ്പെടുത്തിയതാണെന്ന് പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പ്രതികളിന്‍ നിന്ന് കെവിന്‍ തെന്മലയ്ക്കു സമീപം ചാലിയേക്കരയില്‍ വച്ചു കാറില്‍ നിന്നു രക്ഷപെട്ടു. തൊട്ടുമുന്നില്‍ ചാലിയേക്കര പുഴയാണെന്ന് അക്രമികള്‍ക്ക് അറിയാമായിരുന്നു. അതിക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ അവശനായ കെവിനെ പുഴയില്‍ വീഴ്ത്തി കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രതികള്‍ പിന്തുടരുകയായിരുന്നുവെന്നും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘം കൃത്യം നിര്‍വഹിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അക്രമി സംഘത്തെ നയിച്ചത് സാനുവാണെങ്കിലും സൂത്രധാരന്‍ ഷാനുവിന്റെ പിതാവ് ചാക്കോയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. കേസില്‍ സാനു ഒന്നാം പ്രതിയും ചാക്കോ ആറാം പ്രതിയുമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *