അമേരിക്കയില്‍ താണ്ഡവമാടി ഹാര്‍വെ

ദക്ഷിണ ടെക്‌സസില്‍ ആഞ്ഞടിച്ച ഹാര്‍വെ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. വെള്ളിയാഴ്ച രാത്രി 11 ന് തീരംതൊട്ട ചുഴലിക്കാറ്റ് വ്യാപകമായ നാശനഷ്ടമുണ്ടാക്കി. ആളപായം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭ്യമായിട്ടില്ല. നിരവധി മലയാളികളുള്ള പ്രദേശങ്ങളിലും കാറ്റ് നാശംവിതച്ചു. ഒരു വ്യാഴവട്ടക്കാലത്തിനു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയില്‍ ജനജീവിതം സ്തംഭിച്ചു.
വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ ചുഴലിക്കാറ്റ് നാശംവിതച്ച മേഖലയില്‍ താമസിക്കുന്നുണ്ട്. വൈദ്യുതി ബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് മൂന്നു ലക്ഷം പേര്‍ ഇരുട്ടിലായി. 2005 ല്‍ വില്‍മ ചുഴലിക്കാറ്റിനു ശേഷം ഇത്രയേറെ നാശനഷ്ടമുണ്ടാക്കുന്ന കാറ്റ് അമേരിക്കയില്‍ ഇതാദ്യമാണ്.
പോര്‍ട്ട് അര്‍നാസിനും പോര്‍ട്ട് ഒകോര്‍നറിനും ഇടയിലാണ് ചുഴലിക്കാറ്റ് വീശിയത്. 90 കിലോമീറ്റര്‍ വരെ വേഗതയില്‍ വരും ദിവസങ്ങളില്‍ കാറ്റടിക്കുമെന്നാണ് സൂചന. 12 വര്‍ഷത്തിനിടെ യു.എസില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്. തുടക്കത്തില്‍ ഏറ്റവും തീവ്രതയുള്ള കാറ്റഗറി ഒന്നില്‍പ്പെട്ട കാറ്റായിരുന്നു ഹാര്‍വെ. ഇപ്പോള്‍ ഇത് കാറ്റഗറി മൂന്നിലേക്ക് മാറി.
വ്യാഴാഴ്ച രാത്രി വൈകി ഉഗ്രരൂപം പ്രാപിച്ച ചുഴലിക്കാറ്റ് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നാശനഷ്ടമുണ്ടാക്കിത്തുടങ്ങിയത്. കടലിനു മുകളില്‍ 300 കി.മി വേഗത്തില്‍ വരെ വീശിയ കാറ്റ് കരയിലെത്തിയപ്പോള്‍ വേഗത 250 കി.മിനു താഴെയായി കുറഞ്ഞു. കാറ്റിന്റെ ശക്തിയില്‍ തിരമാലകള്‍ 12 അടി വരെ ഉയര്‍ന്നു.
ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ടെക്‌സസ് തീരത്തുള്ള സ്‌കൂളുകള്‍ക്ക് അവധി നല്‍കുകയും പ്രദേശത്തെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുകയും ചെയ്തിരുന്നു. യു.എസില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഹൂസ്റ്റണില്‍ ജനങ്ങളോടു ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനെ തുടര്‍ന്ന് പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസമുണ്ടായി. ഏതാനും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. അടുത്തയാഴ്ച ദുരിതബാധിത മേഖല യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശിക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *