ബീഹാര്‍ പ്രളയം: മരണം 440 ആയി

ബീഹാറില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 440 ആയി. 19 ജില്ലകളിലായി 1.71 കോടി ജനങ്ങളെ പ്രളയം രൂക്ഷമായി ബാധിച്ചു. അരാരിയ ജില്ലയില്‍ മാത്രം95 പേര്‍ മരിച്ചതായാണ് കണക്ക്. സീതാര്‍മാഹിയില്‍ 46 ഉം, വെസ്റ്റ് ചമ്പാരണില്‍ 36 ഉം, ഈസ്റ്റ് ചമ്പാരണില്‍ 32 ഉം, ദര്‍ഭംഗയില്‍ 30 പേര്‍ പ്രളയക്കെടുതിയില്‍ മരിച്ചു.

മധുബനിയില്‍ 28, മധേപുരയില്‍ 25, കിഷന്‍ഗഞ്ചില്‍ 24, ഗോപാല്‍ ഗഞ്ചില്‍ 20, സുപോളില്‍ 16, പുര്‍നിയയില്‍ 9, മുസാഫര്‍പൂരില്‍ 9, സഹര്‍യില്‍ 8, കഗാരിയ 8, സരണ്‍ 7, ഷെയോഹര്‍ 5, സമസ്തിപൂര്‍ 2 എന്നിങ്ങനെയാണ് മരണമെന്നാണ് ഔദ്യോഗിക കണക്ക്.

സംസ്ഥാനത്തെ 2.74 ലക്ഷം പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. സൈന്യം, ദേശീയ ദുരന്ത നിവാരണസേന, സംസ്ഥാന സേനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നതായി അധികൃതര്‍ അറിയിച്ചു.

പ്രളയക്കെടുതി ബാധിത മേഖലകള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ബിഹാറിന് 500 കോടിരൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കുന്നതിന് പുറമെയാണിത്.സാധ്യമായ എല്ലാ സഹായങ്ങളും ബിഹാറിന് നല്‍കുമെന്ന് നിരീക്ഷണത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ നഷ്ടം വിലയിരുത്തുന്നതിന് ഉടന്‍ തന്നെ കേന്ദ്രസംഘത്തെ അയക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രി അടിയന്തരസഹായം പ്രഖ്യാപിച്ചത്. 27,000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *