അഭയക്കേസില്‍ ജീവപര്യന്തം ശിക്ഷിച്ച ഫാ. തോമസ് കോട്ടൂരിനും പരോള്‍

സിസ്റ്റര്‍ അഭയകേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഫാ. തോമസ് കോട്ടൂരിനും പരോള്‍. 70 വയസിന് മുകളില്‍ പ്രായമുള്ള ഫാ. കോട്ടൂര്‍ അര്‍ബുദ ബാധിതനാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പരോള്‍ അനുവദിച്ചതെന്നാണ് വിവരം.

ജയിലില്‍ കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തടവുകാര്‍ക്ക് 90 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാര്‍ക്കാണ് പരോള്‍. ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവരും, സ്ഥിരം കുറ്റവാളികള്‍ അല്ലാത്തവര്‍ക്കുമാണ് ഇളവ്. 60 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ക്കും, 50 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പരോള്‍ അനുവദിച്ചിട്ടുണ്ട്.

അതേസമയം, മയക്കുമരുന്ന്, ദേശദ്രോഹ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇളവ് ലഭ്യമാകില്ല. പരോളില്‍ വിടുന്ന തടവുകാര്‍ വീടുകളില്‍ തന്നെ കഴിയണമെന്നും ജയില്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ജയില്‍ അന്തേവാസികളുടെ എണ്ണം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിശ്ചയിച്ച ഹൈപ്പവര്‍ കമ്മറ്റിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.കഴിഞ്ഞ വര്‍ഷം കൊവിഡ് ഒന്നാം തരംഗത്തിലും സമാന രീതിയില്‍ തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *