റോക്കറ്റ് പതിച്ചത് ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെ; നടുക്കത്തില്‍ കുടുംബം

ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ ഇസ്രായേലില്‍ മലയാളി യുവതി ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത് ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചു കൊണ്ടിരിക്കെ. സൗമ്യ കെയര്‍ ടെക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് ഹമാസ് റോക്കറ്റ് പതിക്കുകയായിരുന്നു.

അപടകട സമയത്ത് ഭര്‍ത്താവ് സന്തോഷുമായി വീഡിയോ കോളില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു സൗമ്യയെന്ന് സന്തോഷിന്റെ സഹോദരന്‍ സജി പറഞ്ഞു. സംസാരിക്കുന്നതിനിടെ ഫോണ്‍ പെട്ടന്ന് കട്ടായി. പിന്നീട് വിളിച്ചപ്പോള്‍ കിട്ടിയില്ല. ഉടന്‍ തന്നെ സമീപത്തുള്ള ബന്ധുവിനെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് വീട്ടുകാര്‍ സംഭവമറിയുന്നത്.

നിരന്തരം വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ടെന്നും തന്റെ ജീവന്‍ അപടകത്തിലാണെന്നും സൗമ്യ സന്തോഷിനോട് വീഡിയോ കോളിനിടെ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. ഗാസ മുനമ്പ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഇസ്രായേലിലെ അഷ്‌കലോണിലെ വീട്ടിലായിരുന്നു സൗമ്യ ഉണ്ടായിരുന്നത്. വീട്ടിലുണ്ടായിരുന്ന വൃദ്ധയും കൊല്ലപ്പെട്ടു. വീട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

ഏഴ് വര്‍ഷമായി ഇസ്രായേലില്‍ ജോലി ചെയ്ത് വരികയാണ് സൗമ്യ. രണ്ട് വര്‍ഷം വമുമ്പാണ് അവസാനമായി വീട്ടിലെത്തിയത്. ഡീന്‍ കുര്യാക്കോസ് എംപിയുടെ സഹായത്തോടെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം വീട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്നും സജി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *