‘അന്വേഷണം സിനിമാക്കഥ പോലെയോ?’; നടിയെ ആക്രമിച്ച കേസില്‍ പൊലീസിനെതിരെ ഹൈക്കോടതി; വാര്‍ത്തകള്‍ പരിധി വിട്ടാല്‍ ഇടപെടും

നടിയെ ആക്രമിച്ച കേസില്‍ പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാേെണായെന്ന് ഹൈക്കോടതി ചോദിച്ചു. അന്വേഷണം സിനിമാക്കഥ പോലെയാണോയെന്നും ഇത് ആരെയെങ്കിലും തൃപ്തിപെടുത്തുന്നതിന് വേണ്ടിയാണോയെന്നും കോടതി ചോദിച്ചു. ഓരോ മാസവും ഓരോ പ്രതികളെ അറസ്റ്റ് ചെയ്യുകയാണോയെന്ന് നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി ചോദിച്ചു. അന്വേഷണം സിനിമാ തിരക്കഥ പോലെയാണോ ക്രിമിനല്‍ ചട്ടപ്രകാരമായിരിക്കണം നടപടി. വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി കൂടുതല്‍ അന്വേഷണം വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കേസിലെ ചര്‍ച്ചകള്‍ പരിധി വിട്ടാല്‍ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും കോടതി അറിയിച്ചു.

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നാദിര്‍ഷക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പാകുന്നത് വരെ നാദിര്‍ഷയെ അറസ്റ്റ് ചെയ്യരുത്. വെള്ളിയാഴ്ച ഹാജരാകാനാണ് നാദിര്‍ഷക്ക് കോടതി നിര്‍ദേശം നല്‍കിയത്. ജാമ്യാപേക്ഷ ഈ മാസം 18 ന് പരിഗണിക്കും.
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപ് നാളെ വീണ്ടും ജാമ്യഹര്‍ജി നല്‍കാനിരിക്കെയാണ് ഹൈക്കോടതി പരാമര്‍ശങ്ങള്‍. അച്ഛന്റെ ശ്രാദ്ധത്തിനായി ദിലീപിന് ജയിലിന് പുറത്തിറങ്ങാന്‍ അനുമതി കൊടുത്തതിന് പിന്നാലെ മുന്‍നിര താരങ്ങളും സംവിധായകരും ജയിലിലെത്തിയിരുന്നു. കൂടാതെ ഗണേഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ദിലീപിന് അനുകൂല തരംഗം സൃഷ്ടിക്കാനുളള നീക്കങ്ങളും സജീവമാണ്. ഇതിന് പുറമെ ദിലീപ് നായകനായ രാമലീല തിയറ്ററുകളില്‍ എത്തിക്കാനുളള നീക്കങ്ങളും പുരോഗമിക്കുന്നുണ്ട്. ഇത്തരത്തില്‍ അനുകൂല അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നത് പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിക്കുമെന്നാണ് അറിയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *