അന്വേഷണം കുറ്റമറ്റതാക്കും, മധുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. മധുവിന്റെ അമ്മയും സഹോദരിയുമായി മുഖ്യമന്ത്രി സംസാരിച്ചു.

പ്രതികള്‍ക്ക് ജാമ്യം കൊടുക്കരുതെന്ന് മധുവിന്റെ കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കേസില്‍ പരമാവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മധുവിന് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ എല്ലാം ചെയ്തിട്ടുണ്ടെന്നും തുടര്‍ന്നും ഈ സഹകരണം പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

മധുവിന്റെ പേരില്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ തടയാന്‍ നടപടി കൈകൊള്ളണമെന്നും മധുവിന്റെ കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കുടുംബം നല്‍കിയ പരാതി മുഖ്യമന്ത്രി ഏറ്റുവാങ്ങി. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ആരോഗ്യമന്ത്രി കെകെ ശൈലജ, എംബി രാജേഷ് എംപി എന്നിവരും മുഖ്യമന്ത്രിയ്ക്കൊപ്പം സംഘത്തിലുണ്ടായിരുന്നു.

മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചതിന് ശേഷം അഗളിയിലെ കിലയില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെയും, അട്ടപ്പാടിയിലെ പട്ടികവിഭാഗ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ പങ്കെടുക്കുകയാണ് മുഖ്യമന്ത്രി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *