തിരുവനന്തപുരം: ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ നഗരവീഥികളിലെല്ലാം പൊങ്കാലയിടല്‍ തുടങ്ങി. പൊങ്കാലയര്‍പ്പിക്കാന്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് ലക്ഷക്കണക്കിനു ഭക്തര്‍ അതിരാവിലെ തന്നെ തലസ്ഥാനത്തെത്തി സ്ഥാനം പിടിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പൊങ്കാല നൈവേദ്യം.
പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം, തോറ്റംപാട്ടുകാര്‍ പാടിക്കഴിഞ്ഞതോടെയാണ് പൊങ്കാലയിടല്‍ ആരംഭിച്ചത്. തുടര്‍ന്ന് ശ്രീകോവിലില്‍നിന്നു പകര്‍ന്നുനല്‍കുന്ന തീ, മേല്‍ശാന്തി വാമനന്‍ നമ്ബൂതിരി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ കത്തിച്ചു. പിന്നീട് വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാരയടുപ്പിലും തീ കത്തിച്ചു.അസംഖ്യം അടുപ്പുകളിലേക്ക് തീ പകര്‍ന്നതോടെ ഭക്തമനസ്സിനൊപ്പം നഗരഹൃദയവും അതേറ്റുവാങ്ങി.

രാത്രി 7.45-ന് കുത്തിയോട്ടത്തിനു ചൂരല്‍കുത്ത്. 11.15-ന് പുറത്തെഴുന്നള്ളത്ത്. പാമ്ബാടി രാജന്‍ എന്ന കൊമ്ബനാണ് ആറ്റുകാലമ്മയുടെ തിടമ്ബേറ്റുന്നത്. പഞ്ചവാദ്യം, സായുധ പോലീസിന്റെ അകമ്ബടി എന്നിവ ഘോഷയാത്രയ്ക്കുണ്ടാകും. ദേവീദാസന്മാരായ 983 കുത്തിയോട്ട ബാലന്മാര്‍ അകമ്ബടി പോകും. ശനിയാഴ്ച പുലര്‍ച്ചെ മണക്കാട് ശാസ്താക്ഷേത്രത്തില്‍ ഇറക്കിപ്പൂജ കഴിഞ്ഞ് രാവിലെ 8-ന് അകത്തെഴുന്നള്ളത്ത്. രാത്രി 9-ന് കാപ്പഴിച്ചു കുടിയിളക്കും. 12.30-ന് കുരുതിയോടെ ഉത്സവം സമാപിക്കും.















