അനിശ്ചിതത്വത്തിന് വിരാമം; സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്ന് കമല്‍ഹസന്‍

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട് നടന്‍ കമല്‍ ഹസന്‍. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നിലവിലുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ആശയപരമായി തനിക്ക് ഒത്തുപോകാനാകില്ലെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം.

ദ ക്യുന്റ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. നിര്‍ബന്ധിതാവസ്ഥയിലെടുത്ത തീരുമാനമാണിത്. രാഷ്ട്രീയത്തില്‍ ഞാന്‍ വരുത്താനുദ്ദേശിക്കുന്ന ചലനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വേദി അല്ലെങ്കില്‍ ആശയം മുന്നോട്ടു വയ്ക്കാന്‍ ഏത് രാഷ്ട്രീയപാര്‍ട്ടിക്ക് കഴിയുമെന്നും കമല്‍ ചോദിച്ചു.

അടുത്ത കാലത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടന്നിരുന്നു. കമ്മ്യൂണിസത്തോട് ആകൃഷ്ടനാണെന്ന തരത്തിലാണ് പിന്നീട് വാര്‍ത്തകള്‍ വന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നാല്‍ ഒരു ആശയമാണ്. രാഷ്ട്രീയത്തിലെ എന്റെ ലക്ഷ്യങ്ങള്‍ നിലവിലുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ആദര്‍ശങ്ങളുമായി ചേര്‍ന്ന് പോകുമെന്ന് തോന്നുന്നില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്റെ നിറം കാവിയല്ലെന്നും അത് മാത്രമേ ഇപ്പോള്‍ പറയാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ ആക്റ്റിങ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വി.കെ ശശികലയെ പുറത്താക്കാനുള്ള തീരുമാനം ശരിയായ ദിശയിലുള്ള കാല്‍വയ്പ്പാണെന്നന് അദ്ദഹം അഭിപ്രായപ്പെട്ടു. തമിഴ് നാട് രാഷ്ട്രീയം മാറുമെന്നതിന്റെ സൂചനയാണിത്. ആ മാറ്റത്തിനായി എത്ര കാത്തുനില്‍ക്കാനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *