അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സമവായത്തിലൂടെ നടപ്പാക്കും: മന്ത്രി എം എം മണി

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സമവായത്തിലൂടെ മാത്രമേ നടപ്പാക്കൂവെന്ന് വൈദ്യുതിമന്ത്രി എം എം മണി. പ്രകൃതിക്ക് കോട്ടം തട്ടാത്തവിധം ചുരുങ്ങിയ ചെലവില്‍ നടപ്പാക്കുന്ന പദ്ധതിസംബന്ധിച്ച് വ്യത്യസ്ത അഭിപ്രായമുണ്ട്. പദ്ധതിയെ അനുകൂലിക്കുന്നവരേയും എതിര്‍ക്കുന്നവരേയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ തൃശൂരില്‍ സംഘടിപ്പിച്ച വൈദ്യുതി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എളമരം കരീം അധ്യക്ഷനായി.

ആവശ്യത്തിന്റെ മുപ്പത് ശതമാനം വൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എഴുപതുശതമാനം വൈദ്യുതിയും പുറമേ നിന്ന് വന്‍ തുക നല്‍കി വാങ്ങുകയാണ്്. ജലം, സോളാര്‍, കാറ്റ്, കല്‍ക്കരി എന്നിവയില്‍നിന്നെല്ലാം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമെങ്കിലും ചുരുങ്ങിയ ചെലവില്‍ മികച്ച ഊര്‍ജം ലഭിക്കുന്നത് ജലവൈദ്യുതപദ്ധതി വഴിയാണ്. തുടക്കത്തില്‍ ചെലവേറുമെങ്കിലും പിന്നീട് ചുരുങ്ങിയ ചെലവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമെന്ന് ലോകസംവിധാനങ്ങളില്‍നിന്നും ബോധ്യമായിട്ടുണ്ട്.

24 ചെറുകിട പദ്ധതികള്‍വഴി നിലവില്‍ 300 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ ഉല്‍പ്പാദനകേന്ദ്രങ്ങളും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുറന്നു. ഇനി നടപ്പാക്കാനുള്ള പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് അതിരപ്പിള്ളി. ഇതു നടപ്പായാല്‍ 163 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകും. വിവിധ സ്വകാര്യകമ്പനികളില്‍നിന്ന് യൂണിറ്റിന് 3.99, 4.15, 4.29 എന്നീ നിരക്കുകളിലാണ് നിലവില്‍ വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നത്. അതിരപ്പിള്ളി നടപ്പായാല്‍ യൂണിറ്റിന് 60 പൈസനിരക്കില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം.

അതിരപ്പിള്ളി പദ്ധതിക്ക് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് കോട്ടംതട്ടുമോയെന്ന് പഠനം നടത്തിയശേഷമാണ് അനുമതി ലഭിച്ചത്. 104 ഹെക്ടര്‍ ഭൂമിമാത്രമാണ് പദ്ധതിക്ക് ആവശ്യമുള്ളത്. ഈ പ്രദേശത്തെ മൃഗങ്ങളും പുഴയിലെ മത്സ്യങ്ങളും ഇല്ലാതാകുമെന്നത് തെറ്റായ പ്രചാരണമാണെന്ന് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരുന്നു. ആദിവാസികളാരും കുടിയൊഴിപ്പിക്കപ്പെടില്ല.

കേരളത്തിന്റെ പുരോഗതിയെപ്പറ്റി ചിന്തിക്കുന്നവര്‍ പദ്ധതി നടപ്പാക്കാന്‍ മുന്നിട്ടുവരണം. ഇടുക്കി പദ്ധതി നടപ്പാക്കാന്‍ ആയിരം ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഇത്തരത്തില്‍ നൂറുകണക്കിന് ഹെക്ടര്‍ ഭൂമി ഏറ്റെടുത്തും കുടിയൊഴിപ്പിച്ചുമാണ് ഇടുക്കി ജില്ലയിലും സമീപപ്രദേശങ്ങളിലും പദ്ധതികള്‍ നടപ്പാക്കിയത്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനും തടസ്സമില്ല. വെള്ളച്ചാട്ടവും നഷ്ടപ്പെടില്ല. ചില പരിസ്ഥിതിവാദികളും മാധ്യമങ്ങളും പദ്ധതിക്ക് തുരങ്കംവയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇത് തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *