ദീപിക പദുക്കോണ്‍ നായികയാവുന്ന ‘പത്മാവതി’ക്കെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാതെ സംഘപരിവാര്‍. ‘പത്മാവതി’ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും നായിക ദീപികയുടെയും തല കൊയ്യുന്നവര്‍ക്ക് പത്ത് കോടി രൂപ വാഗ്ദാനം ചെയ്തതിന് പിന്നാലെ വീണ്ടും ആക്രമങ്ങള്‍ക്ക് ആഹ്വാനം നല്‍കി ബിജെപി നേതാവ് സൂരജ് പാല്‍ അമു.
‘പത്മാവതി’ക്കെതിരെ രാജ്യത്തെ യുവാക്കള്‍ മുന്നോട്ടിറങ്ങണമെന്നും പത്മാവതി പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ കത്തിക്കണമെന്നുമാണ് ബിജെപി നേതാവിന്റെ പുതിയ ആഹ്വാനം. പത്മാവതി ചിത്രത്തില്‍ ബന്‍സാലി അവതരിപ്പിക്കുന്നത് രജപുത്ര ചരിത്രത്തിലെ ‘പത്മിനി’ അല്ലെന്നും സൂരജ് പാല്‍ അമു ആരോപിക്കുന്നുണ്ട്.

ചിത്രം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സംഘപരിവാര്‍ സംഘടനകളുടെ നിരന്തര ആക്രമണങ്ങളെ തുടര്‍ന്ന് റിലീസിങ്ങ് നിര്‍മാതാക്കള്‍ മാറ്റിവെക്കുകയായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോടൊപ്പം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ചിത്രം റിലീസ് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥ് ചിത്രത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.













