അണ്ടര്‍ 17 ലോകകപ്പ് വിവാദം വിട്ടൊഴിയാതെ കൊച്ചി

ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ കടകള്‍ ഒഴിപ്പിക്കുന്നതിനെ ചൊല്ലി ഉയര്‍ന്ന വിവാദവും നിയമ നടപടികളും തിരിച്ചടിയാകുന്നത് ഫുട്‌ബോളിന്. കൊച്ചിക്ക് മത്സര വേദി അനുവദിച്ചത് മുതല്‍ സ്റ്റേഡിയങ്ങളെയും നിര്‍മാണ പ്രവര്‍ത്തനങ്ങളെയും ചൊല്ലി ഉയര്‍ന്ന വിവാദങ്ങള്‍ അണ്ടര്‍ 17 ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിയിട്ടും ഒഴിയാബാധയായി പിന്തുടരുകയാണ്. കേരളത്തിലെ മത്സര വേദിയെ ചൊല്ലി ഉയര്‍ന്ന വിവാദങ്ങളും നിയമ നടപടികളും ഫിഫയെയും പ്രകോപിപ്പിച്ചിട്ടുണ്ട്. 21ന് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഫിഫക്ക് കൈമാറണം. എന്നാല്‍, വിശാലമായ കായിക താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാതെ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ചിലര്‍ നടത്തുന്ന വിലപേശല്‍ രാജ്യാന്തരതലത്തില്‍ തന്നെ കേരളത്തിന്റെ കായിക യശസിന് മങ്ങലേല്‍പ്പിക്കുന്നതാണ്. ഫിഫയുടെ അന്ത്യശാസനം വന്നിട്ടും നിയമനടപടികള്‍ നീളുന്നതും പ്രശ്‌നത്തിന് പരിഹാരം കാണാനാകാത്തതും തിരിച്ചടിയാണ്. കൊച്ചിയിലെ മത്സരങ്ങള്‍ കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കേരളത്തിലേക്ക് കൊണ്ടു വരാനുള്ള പാലമായാണ് വിശേഷിപ്പിക്കുന്നത്. 25 കോടിയോളമാണ് സ്റ്റേഡിയം നവീകരണത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നത്. രാജ്യാന്തര നിലവാരത്തിലേക്ക് സ്റ്റേഡിയത്തെ നവീകരിക്കാന്‍ ഫിഫ സാങ്കേതിക സഹായവും നല്‍കി. എന്നാല്‍, ഒരിടത്തും സംഭവിക്കാത്ത പ്രതിസന്ധി കൊച്ചിയില്‍ ഉണ്ടായി. ലോകത്ത് ഒരിടത്തും ദേശീയ, രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയങ്ങളില്‍ ഒന്നും തന്നെ കടകളോ കച്ചവടമോ മാനദണ്ഡങ്ങള്‍ അനുസരിച്ച് അനുവദിക്കാറില്ല. എന്നാല്‍, കൊച്ചിയില്‍ മാത്രം താരങ്ങളുടെയും കണികളുടെയും സുരക്ഷയെ വെല്ലുവിളിച്ച് കച്ചവട സ്ഥാപനങ്ങള്‍ ഉള്‍പ്പടെ പ്രവര്‍ത്തിക്കുകയാണ്.

കരാര്‍ ലംഘിച്ചാല്‍ കനത്ത നഷ്ടം: ജി.സി.ഡി.എ

2015 ജൂണില്‍ ഫിഫയുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ചാണ് ഒഴിപ്പിക്കല്‍ നടപടിയെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ പറഞ്ഞു. ഈ മാസം 15 മുതല്‍ കൊച്ചിയിലെ കളി അവസാനിക്കുന്നത് വരെ കടകള്‍ അടച്ചിടണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഫിഫയുമായി കരാര്‍ ഒപ്പിട്ടപ്പോള്‍ തന്നെ ഇക്കാര്യങ്ങള്‍ വാക്കാല്‍ സ്റ്റേഡിയത്തിലെ പല സ്ഥാപന ഉടമകളെയും അറിയിച്ചിരുന്നു. ഓഗസ്റ്റ് 24ന് നോട്ടിസും നല്‍കി. സ്ഥാപനങ്ങള്‍ അടച്ചിടുന്ന സമയത്തെ വാടക ഒഴിവാക്കുമെന്നും അറിയിച്ചു. ഫിഫയുമായുള്ള കരാര്‍ പ്രകാരമുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കാന്‍ ജി.സി.ഡി.എ ബാധ്യസ്ഥരാണ്. എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ വേദി മാറ്റാന്‍ ഫിഫക്ക് എളുപ്പമാണ്. മത്സരത്തിനായുള്ള നമ്മുടെ തയാറെടുപ്പുകളും നിര്‍മാണവുമെല്ലാം വെറുതെയാകും. കരാര്‍ ലംഘിച്ചാല്‍ ഫിഫ ചോദിക്കുന്ന നഷ്ടപരിഹാരം ജി.സി.ഡി.എ നല്‍കേണ്ടിവരുമെന്നും സി.എന്‍ മോഹനന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *