അടിവാരത്തെ വാഹനാപകടം: മരണം ഏഴായി


കോഴിക്കോട്- മൈസുരു ദേശീയപാതയില്‍ അടിവാരത്തിനും കൈതപ്പൊയിലിനും ഇടയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്ന ആയിഷ നുഹ(7) ആണ് ഇന്ന് മരിച്ചത്.


ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇന്നലെ മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ മരിച്ചിരുന്നു.


കോഴിക്കോട്ടുനിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന രാജഹംസം ബസും വയനാട് വടുവന്‍ചാലിലെ ബന്ധുവീട്ടില്‍പോയി കൊടുവള്ളിക്കടുത്ത കരുവന്‍പൊയിലിലേക്ക് വരികയായിരുന്നവര്‍ സഞ്ചരിച്ച ജീപ്പുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ബസ് ജീപ്പിനു പിന്നില്‍ ഉണ്ടായിരുന്ന കാറിലും ഇടിച്ചു. കാര്‍ റോഡില്‍നിന്നു തെന്നിമാറി റോഡരികിലെ പറമ്പിലേക്ക് ചെരിയുകയായിരുന്നു. കാറിലുള്ളവര്‍ക്ക് നിസാര പരുക്കേറ്റു. വയനാട്‌നിന്നു കോഴിക്കോട്ടേക്കുവരികയായിരുന്ന മറ്റൊരു സ്വകാര്യ ബസും ജീപ്പിലിടിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒന്നര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ ജീപ്പ് വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്.



Sharing is Caring