മുല്ലപ്പെരിയാറിന് പാക് ഭീകര സംഘടനകളുടെ ഭീഷണിയുണ്ടെന്ന് തമിഴ്‌നാട്

download (2)ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പാക് ഭീകര സംഘടനകളുടെ ആക്രമണ ഭീഷണിയുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ തുടങ്ങിയ ഭീകര സംഘടനകളാണ് അണക്കെട്ട് ആക്രമിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ് ഉണ്ടെന്നും തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.


ഡാമിന് സി ഐ എസ് എഫിന്റെ സുരക്ഷ വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു .ഇതിന് മറുപടി സത്യവാങ്മൂലത്തിലാണ് തമിഴ്‌നാട് ഇക്കാര്യം വ്യക്തമാക്കിയത്.


ലഷ്‌കര്‍ തീവ്രവാദ ഭീഷണി കൂടാതെ ജമ്മുകാശ്മീരിലെ ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളും ഡാം ആക്രമിക്കാനുള്ള സാദ്ധ്യതയുണ്ട്. കേരള പൊലീസിന്റെ സുരക്ഷ കൊണ്ടു മാത്രം ഇത്തരം ഭീകരാക്രമണ ഭീഷണി ചെറുക്കാനാവില്ല. അതിനാലാണ് സി.ഐ.എസ്.എഫ് സുരക്ഷ ആവശ്യപ്പെടുന്നതെന്നും തമിഴ്‌നാട് സത്യവാങ്മൂലത്തില്‍ പറഞ്ഞു.

അതേസമയം, സി.ഐ.എസ്.എഫിനെ നിയോഗിക്കുന്ന കാര്യത്തില്‍ മറുപടി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി കേരളത്തിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. മുല്ലപ്പെരിയാറിന്റെ സുരക്ഷ കേരളത്തിന്റെ ചുമതലയാണെന്നും അതിനാല്‍ സി.ഐ.എസ്.എഫിനെ നിയോഗിക്കുന്ന കാര്യത്തില്‍ കേരളമാണ് തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച കോടതിയെ അറിയിച്ചിരുന്നു.


Sharing is Caring