തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ നിര്യാണത്തെ തുടര്‍ന്ന് ചെന്നൈയില്‍ ശക്തമായ സുരക്ഷ. പ്രധാനമന്ത്രിയുള്‍പ്പെടെ ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും അന്തിമോപചാരം അര്‍പ്പിക്കാന്‍ ചെന്നൈയിലേക്ക് എത്തുന്നതുമായി ബന്ധപ്പെട്ടാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
സംസ്ഥാനത്താകെ 1.20 ലക്ഷം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന് തുടങ്ങി പൊതുസ്ഥലങ്ങളില്‍ കര്‍ശന സുരക്ഷയായിരിക്കും ഉണ്ടായിരിക്കുകയെന്ന് ഡിജിപി അറിയിച്ചു. ചെന്നൈയില്‍ 22,000 പോലീസുകാരാണ് സുരക്ഷയ്ക്കുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കൂടുതലായി 10,000 പോലീസുകാരെക്കൂടി നഗരത്തില്‍ നിയോഗിച്ചിട്ടുണ്ട്.
മറ്റ് നഗരങ്ങളില്‍നിന്നായി 20 ഐപിഎസ് ഉദ്യോഗസ്ഥര്‍ അധികമായി എത്തിയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. പോലീസിനെ കൂടാതെ അര്‍ധസൈനിക വിഭാഗത്തിന്റെ 12 കമ്ബനിയും നഗരത്തിലുണ്ട്