മൂന്ന് മാസം പരിശീലനവും മൂന്ന് രഞ്ജി മത്സരങ്ങളും തരൂ… ഞാന്‍ ഇപ്പോഴും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തും- സൗരവ് ഗാംഗുലി

രാജ്യാന്തര ക്രിക്കറ്റിൽ ഇനിയും ഒരു അങ്കത്തിന് തനിക്കാകുമെന്ന അവകാശവാദവുമായി മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. മൂന്നു മാസത്തെ സമയവും മൂന്ന് രഞ്ജി മത്സരങ്ങളും തന്നാൽ ഇന്ത്യക്കായി ടെസ്റ്റിൽ റൺസടിച്ചുകൂട്ടാൻ തനിക്കാകുമെന്നാണ് ഗാംഗുലിയുടെ വാദം. ‌ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന രാജ്യാന്തര കരിയറിന് 2008ലാണ് ഗാംഗുലി വിരാമമിട്ടത്.

”ഏകദിനത്തിൽ രണ്ടു പരമ്പരകളിൽ കൂടി അവസരം ലഭിച്ചിരുന്നെങ്കിൽ കൂടുതൽ റൺസ് നേടാൻ എനിക്ക് സാധിക്കുമായിരുന്നു. നാഗ്പുരിൽ വച്ച് അന്ന് ഞാൻ വിരമിച്ചിരുന്നില്ലെങ്കിൽ അടുത്ത രണ്ട് ടെസ്റ്റ് പരമ്പരകളിലും കൂടുതൽ റൺസ് നേടിയേനെ. ഇപ്പോഴാണെങ്കിലും എനിക്ക് പരിശീലനത്തിനായി ആറു മാസത്തെ സാവകാശം തന്നാൽ മതി, ഒരു മൂന്ന് രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കാനുള്ള അവസരവും. ഞാൻ ഇന്ത്യക്കായി ടെസ്റ്റിൽ റൺസ് നേടുന്നത് കാണിച്ചുതാരം. ആറു മാസം പോലും വേണ്ട, വെറും മൂന്നു മാസത്തെ സാവകാശം തന്നാൽ മതി” ഗാംഗുലി പറഞ്ഞു. ”കളത്തിൽ തുടരാനോ കളിക്കാനോ നിങ്ങൾ എനിക്ക് അവസരം നൽകില്ലായിരിക്കാം. പക്ഷേ, എന്റെ ആത്മവിശ്വാസം കെടുത്താൻ നിങ്ങളെക്കൊണ്ട് കഴിയുമോ?” – ഗാംഗുലി ചോദിച്ചു

”എന്നെ സംബന്ധിച്ച് തീർത്തും അവിശ്വസനീയമായിരുന്നു ആ പുറത്താക്കൽ. ആ കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ഒരാളായിട്ടും ഏകദിന ടീമിൽനിന്ന് എന്നെ നിർദ്ദാക്ഷിണ്യം തഴഞ്ഞു. നിങ്ങളുടെ പ്രകടനം എത്ര മികച്ചതാണെങ്കിലും വേദി ലഭിക്കുന്നില്ലെങ്കിൽ എന്തു ചെയ്യും? പിന്നെ സ്വയം തെളിയിക്കാൻ എന്തു ചെയ്യും? ആർക്കു മുന്നിൽ തെളിയിക്കും? ഇതാണ് എന്റെ കാര്യത്തിലും സംഭവിച്ചത്” ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *