ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തേക്കും, നാല് വര്‍ഷത്തെ വിദേശയാത്രകള്‍ പരിശോധിക്കുന്നു

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട എം. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്യും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ എം. ശിവശങ്കര്‍ നടത്തിയ വിദേശ യാത്രകളുടെ പരിശോധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ചോദ്യം ചെയ്യലിലേക്ക് നീണ്ടേയ്ക്കുമെന്ന് വിവരം പുറത്ത് വരുന്നത്.

ഐടി വികസന പദ്ധതികളുടെ പേരിലായിരുന്നു ശിവശങ്കറിന്റെ വിദേശയാത്രകള്‍. ഇതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ 4 വര്‍ഷം ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്തവരുടെ വിവരം, വിദേശ രാജ്യങ്ങളില്‍ താമസിച്ച ഹോട്ടലുകളുടെ വിവരം എന്നിവയെല്ലാം എന്‍ഐഎ ശേഖരിക്കുന്നുണ്ട്.‌

കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്നയുമായി നിരന്തരം ബന്ധപ്പെട്ടതിലൂടെ അഖിലേന്ത്യ സര്‍വീസ് റൂളുകളുടെ ലംഘനം നടത്തിയതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. വകുപ്പുതല അന്വേഷണം പൂര്‍ത്തിയാകുന്നതു വരെയാണു സസ്പെന്‍ഷന്‍.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ സര്‍ക്കാറിനോട് ഏറെ അടുത്ത് നിന്നിരുന്ന ശിവശങ്കറിനെതിരെ സ്പ്രിംഗ്ളര്‍ കമ്ബനിയുമായുള്ള കരാറില്‍ ഉള്‍പ്പെടെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പുറമെ, ഐ ടി വകുപ്പിന് കീഴിലുള്ള കെഎസ്‌ഐടിഐഎല്ലില്‍ ശിവശങ്കര്‍ (കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) 34 തസ്തികകള്‍ സൃഷ്ടിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 16 സ്ഥിരം നിയമനങ്ങളും 18 കരാര്‍ നിയമനങ്ങളും ശിവശങ്കറിന്റെ ശുപാര്‍ശ പ്രകാരം നടത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.

നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പുതിയ നിയമനങ്ങളൊന്നും നടത്തരുതെന്ന് സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. അവഗണിച്ചുകൊണ്ടാണ് ഐടി വകുപ്പിലെ നിയമനങ്ങള്‍ നടന്നത്. മാനേജിംഗ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍, കമ്ബനി സെക്രട്ടറി, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എന്നിവയ്ക്ക് പുറമെ രണ്ട് മാനേജര്‍ പോസ്റ്റുകളും നാല് ഡെപ്യൂട്ടി മാനേജര്‍ തസ്തികകളും ഒരു എസ്റ്റേറ്റ് മാനേജര്‍ തസ്തികയും ഒരു ഫിനാന്‍സ് ഡെപ്യൂട്ടി മാനേജര്‍, രണ്ട് അസിസ്റ്റന്റ് മാനേജര്‍ തസ്തികകളും സൃഷ്ടിച്ചു. നിലവില്‍ അംഗീകാരം നല്‍കിയിരുന്ന ആറ് പോസ്റ്റുകള്‍ റദ്ദാക്കിയായിരുന്നു ഈ നടപടി. പുതിയ തസ്തികകള്‍ക്കായുള്ള ശമ്ബളത്തിന് മാത്രമായി സര്‍ക്കാരിന് രണ്ട് കോടി രൂപയോളം ചെലവാണ് പ്രതീക്ഷിച്ചത്.

അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തിനെ കഴിഞ്ഞ ദിവസം കോടതി എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു. രണ്ടാം കോവിഡ് പരിശോധനയും നെഗറ്റീവായതിനു ശേഷം 7 ദിവസം കസ്റ്റഡിയില്‍ സൂക്ഷിച്ചു ചോദ്യം ചെയ്യാനാണ് പ്രത്യേക കോടതിയുടെ ഉത്തരവ്. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ ഈ മാസം 21 വരെ എന്‍ഐഎ കസ്റ്റഡിയിലാണ്. അന്നുവരെ മൂവരെയും ഒരുമിച്ചു ചോദ്യംചെയ്യാന്‍ എന്‍ഐഎക്കു കഴിയും. അതിനു ശേഷമായിരിക്കും ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് എന്‍ഐഎ കടക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *