നിങ്ങളുടെ കുടുംബമാണെങ്കില്‍ ഇതൊക്കെ നടക്കുമോ? സർക്കാരിനെതിരെ രോഷം പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി

ഹാഥ്രസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗംചെയ്ത് കൊന്ന കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റേയും പൊലീസിന്റേയും മനുഷ്യത്വഹീന നടപടിയില്‍ രോഷം പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി ലഖ്നൗ ബെഞ്ച്. ”എന്തിനാണ് ഇങ്ങനെ ചെയ്തത്? നിങ്ങളുടെ കുടുംബമാണെങ്കില്‍ ഇതൊക്കെ നടക്കുമോ?” പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി കത്തിച്ചുകളഞ്ഞതിനെ ന്യായീകരിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു.മൃതദേഹം അധികൃതര്‍ അര്‍ധരാത്രി ദഹിപ്പിച്ചത് തങ്ങളുടെ അനുമതി ഇല്ലാതെയാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം രണ്ടംഗ ബെഞ്ചിന് മൊഴി നല്‍കി. അന്ത്യോപചാരം അര്‍പ്പിക്കാന്‍പോലും അനുവദിച്ചില്ലെന്നും അവര്‍ അറിയിച്ചു.സംസ്‌കാരത്തിന് പകല്‍വരെ കാത്തിരുന്നാല്‍ ക്രമസമാധാനപ്രശ്നമുണ്ടാകുമെന്ന കലക്ടറുടെ നിലപാട് കുടുംബം തള്ളി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നെന്നും ക്രമസമാധാന ലംഘനത്തിന് സാധ്യത ഇല്ലായിരുന്നെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിനുവേണ്ടി അഭിഭാഷക സീമ കുശ്വാഹ ഹൈക്കോടതിയെ അറിയിച്ചു.

കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റണമെന്നും കേസ് തീരുന്നതുവരെ കുടുംബത്തിന് സുരക്ഷ നല്‍കണമെന്നും അഭിഭാഷക ആവശ്യപ്പെട്ടു. കേസ് അന്വേഷിക്കുന്ന സിബിഐ റിപ്പോര്‍ട്ടുകള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.

ഹാഥ്രസില്‍നിന്ന് തിങ്കളാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ, രണ്ട് സഹോദരന്മാര്‍, സഹോദര ഭാര്യ എന്നിവരെ അധികൃതര്‍ ലഖ്നൗവില്‍ എത്തിച്ചത്. കുടുബത്തിന്റെ മൊഴി നേരിട്ട് രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി നിഷ്‌കര്‍ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്. സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് കെ അവസ്തി, ഡിജിപി എച്ച് സി അവസ്തി, ഹാഥ്രസ് ജില്ലാ അധികൃതര്‍ എന്നിവരേയും കോടതി വിളിച്ചുവരുത്തി. യുപി സര്‍ക്കാരിനുവേണ്ടി അഡീ. അഡ്വക്കറ്റ് ജനറല്‍ വി കെ ഷാഹി ഹാജരായി. കേസ് നവംബര്‍ രണ്ടിന് വീണ്ടും കേള്‍ക്കും. ഹാഥ്രസ് സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുക്കുകയായിരുന്നു. ജസ്റ്റിസുമാരായ പങ്കജ് മിഥല്‍, രാജന്‍ റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *