കുപ്പിവെള്ളത്തിന് എം.ആര്‍.പിയേക്കാള്‍ വില ഈടാക്കിയാല്‍ തടവു ശിക്ഷയെന്ന് കേന്ദ്രം

കുപ്പിവെള്ളത്തിന് എം.ആര്‍.പിയേക്കാള്‍ വില ഈടാക്കുന്നത് തടവുശിക്ഷയുള്‍പ്പെടെ ലഭിക്കാവുന്ന കുറ്റമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍. വിലകൂട്ടി വിറ്റാല്‍ പിഴയും സ്ഥാപനത്തിന്റെ ഉടമകള്‍ക്ക് തടവുശിക്ഷയും നല്‍കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

ഇത് ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് വിരുദ്ധം മാത്രമല്ല, നികുതി വെട്ടിപ്പുകൂടിയാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. നിശ്ചിത തുക നല്‍കിയാണ് ഇവിടങ്ങളിലേക്ക് കുപ്പിവെള്ളം വാങ്ങുന്നത്. അവ നിജപ്പെടുത്തിയ പരമാവധി വിലയിലോ അതില്‍ താഴെയോ വില്‍ക്കാം. എന്നാല്‍ എം.ആര്‍.പിയിലും അധികം തുക ഈടാക്കുന്നതില്‍കൂടി സര്‍ക്കാരിന് സേവന നികുതി, വില്‍പ്പന നികുതി എന്നിവയിനത്തില്‍ ഭീമമായ നഷ്ടമുണ്ടാകുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം നല്‍കിയ സത്യവാങ്മൂലത്തിലാണ് കാര്യങ്ങള്‍ വിശദമാക്കുന്നത്. പാക്ക് ചെയ്ത ഉത്പന്നങ്ങള്‍ക്ക് എം.ആര്‍.പിയേക്കാള്‍ അധിക തുക ഈടാക്കുന്നത് ലീഗല്‍ മെട്രോളജി നിയമപ്രകാരം കുറ്റകരമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത്തരത്തില്‍ വിലകൂട്ടി വിറ്റാല്‍ നിയമത്തിന്റെ 36ാം വകുപ്പു പ്രകാരം 25,000 ആദ്യം പിഴ ഈടാക്കാം. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 50,000 ആകും. മൂന്നാം തവണയും കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴ ഒരുലക്ഷമാക്കുകയോ ഒരുവര്‍ഷം തടവോ ഇതുര ണ്ടുംകൂടിയോ ശിക്ഷയായി നല്‍കാമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

കുപ്പിവെള്ളത്തിന് കൂടിയ വില ഈടാക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് ഹോട്ടലുടമകളുടെ സംഘടന സുപ്രിംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് രോഹിങ്ടണ്‍ എഫ്. നരിമാര്‍ നേതൃത്വം നല്‍കുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *