സ്‌നേഹം ഊട്ടിവളര്‍ത്താന്‍ ചുംബനമത്സരം; വിവാദത്തിലായി ജാര്‍ഖണ്ഡ് എം.എല്‍.എ

സ്‌നേഹം ഊട്ടിവളര്‍ത്താന്‍ ദമ്പതികള്‍ക്കിടയില്‍ ചുംബന മത്സരം സംഘടിപ്പിച്ച ജാര്‍ഖണ്ഡ് എം.എല്‍.എ വിവാദത്തില്‍. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എം.എല്‍.എ സൈമണ്‍ മാരണ്ടിയാണ് ആദിവാസി ദമ്പതികള്‍ക്കിടയില്‍ ചുംബന മത്സരം സംഘടിപ്പിച്ച് പുലിവാല് പിടിച്ചിരിക്കുന്നത്. പാക്കൂരിലെ ദുമാരിയ ഗ്രാമത്തില്‍ ഡിസംബര്‍ 10നാണ് മത്സരം സംഘടിപ്പിച്ചത്.

ദമ്പതിമാര്‍ക്കിടയിലെ സ്‌നേഹവും അനുരാഗവും ഊട്ടിവളര്‍ത്താനാണ് മത്സരം സംഘടിപ്പിച്ചതെന്നാണ് എം.എല്‍.എയുടെ പക്ഷം. ആദിവാസികള്‍ക്കിടയില്‍ പെരുകുന്ന വിവാഹമോചനങ്ങളെ ചെറുക്കാന്‍ കൂടിയാണ് ഇത്തരമൊരു പുതുമയുള്ള മത്സരം സംഘടിപ്പിച്ചതെന്നും എം.എല്‍.എ പറയുന്നു.

ആദിവാസികളുടെ വാഷികോത്സവ ചടങ്ങിലാണ് ചുംബന മത്സരം സംഘടിപ്പിച്ചത്. കഴിഞ്ഞ 37 വര്‍ഷമായി ദുമാരിയയില്‍ ഇത് കൊണ്ടാടുന്നുണ്ട്.ആദിവാസി നൃത്തവും അമ്പെയ്ത്തുമത്സരവുമെല്ലാം എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ഉത്സവത്തില്‍ ആദ്യമായാണ് ചുംബന മത്സരം കൂട്ടിച്ചേര്‍ക്കുന്നത്. 20 ആദിവാസി ദമ്പതിമാരാണ് ചുംബനമത്സരത്തില്‍ പങ്കെടുത്തത്.

എം.എല്‍.എക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പാര്‍ട്ടി എം.എല്‍.എമാരായ സൈമണ്‍ മാരണ്ടിയും സ്റ്റീഫന്‍ മാരണ്ടിയും സാന്താള്‍ പരഗാന വിഭാഗത്തിന്റെ സംസ്‌കാരത്തെ അപമാനിച്ചിരിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. ജാര്‍ഖണ്ഡ് ഗ്രാമീണ വികസന വകുപ്പ് മന്ത്രി സംഭവത്തില്‍ പ്രതിഷേധം അറിയിച്ചു. മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയതിനെയും മന്ത്രി വിമര്‍ശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *