ന്യൂഡല്‍ഹി: ലണ്ടനിലെ ഹാക്കത്തോണിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷനും മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉള്‍പ്പെടെ എല്ലാവര്ക്കും ക്ഷണമുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. വോട്ടിംഗ് മെഷീന് അട്ടിമറി വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് നേതാവിന്റെ സാന്നിധ്യം ചോദ്യം ചെയ്ത ബിജെപിക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷന് അധ്യക്ഷനും ലണ്ടനിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ആഷിശ് റേ ഇ-മെയില്‍ അയച്ച് ക്ഷണിച്ചിട്ടാണ് അവിടെ ചെന്നതെന്ന് സിബല്‍ പറഞ്ഞു. ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം ബാധിക്കുന്ന വിഷയമല്ല. ജനാധിപത്യത്തിന്റെ അതീജിവനത്തിന്റെ വിഷയമാണിത്. ഹാക്കര്‍ ഷുജാ പറഞ്ഞ കാര്യങ്ങള്‍ ഗുരുതരമാണെന്നും ഷുജയെ കുറച്ച് സര്‍ക്കാര്‍ അന്വേഷിക്കട്ടെയെന്നും സിബല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രതിനിധിയായിട്ടല്ല പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹാക്കര്‍ ആരോപണമുന്നയിച്ച പരിപാടിയിലെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ സാന്നിധ്യത്തെ ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു. പരിപാടിക്കു മേല്‍നോട്ടം വഹിക്കാന്‍ കോണ്‍ഗ്രസ് പ്രതിനിധിയായി കപില്‍ സിബല്‍ ലണ്ടനിലെത്തി എന്നായിരുന്നു പ്രസാദിന്റെ ആരോപണം.












