സൗമ്യ വധക്കേസിലെ പുനഃപരിശോധനാ ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും. ഗോവിന്ദച്ചാമി (ചാര്‍ളി തോമസ്)യുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സൗമ്യയുടെ അമ്മയും സംസ്ഥാന സര്‍ക്കാരും നല്കിയ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.
ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉച്ചകഴിഞ്ഞ് 2 മണിക്ക് കേസ് പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് കെടിഎസ് തുള്സിയാണ് ഹാജരാകുന്നത്. അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി കേസില്‍ ഹാജരാകില്ല.

വധശിക്ഷ വിധിച്ച കേസുകള്‍ ഒഴികെയുള്ള കേസുകളിലെ പുനഃപരിശോധനാ ഹര്‍ജികളെല്ലാം ജഡ്ജിമാരുടെ ചേംബറിലാണ് സാധാരണ പരിഗണിക്കുന്നത്. എന്നാല്‍ കീഴ്വഴക്കം മാറ്റിവെച്ചാണ് സൗമ്യകേസ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നത്. ഇതുവഴി വിശദമായ വാദം പറയാനുള്ള അവസരം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിയില്‍ ഗുരുതരമായ പിഴവുകളുണ്ടെന്നാണ് കേരളത്തിന്റെ വാദം.













