സ്വാശ്രയ ഓര്‍ഡിനന്‍സിന് സ്റ്റേ ഇല്ല; വൈകിയതില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി


സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഏകീകൃത ഫീസ് സംബന്ധിച്ച്‌ സര്‍ക്കാര്‍ പുറത്തിറക്കി ഓര്‍ഡിനന്‍സിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. എന്നാല്‍ ഓര്‍ഡിനന്‍സ് ഇറങ്ങാന്‍ വൈകിയതില്‍ കോടതി അതൃപ്തിയും പ്രകടിപ്പിച്ചു. ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് മെഡിക്കല്‍ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി.
പുതുക്കിയ ഏകീകൃത ഫീസ് ഘടനപ്രകാരം പ്രവേശനം നടത്താനും കോടതി സര്‍ക്കാരിന് അനുമതി നല്‍കി. എന്നാല്‍ ഈ തീരുമാനം താത്ക്കാലികമാണ്. ഫീസ് നിരക്ക് മാറിയേക്കാമെന്നും ഇക്കാര്യം സത്യവാങ്മൂലം മൂലം വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഏറെ കുഴഞ്ഞുമറിഞ്ഞ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ് കോടതിയുടെ ഉത്തരവ്.
അതേസമയം, സുപ്രീം കോടതിയെ സമീപിക്കുമെന്ന് മെഡിക്കല്‍ മാനേജ്മെന്റുകള്‍ വ്യക്തമാക്കി. ഫീസ് നിര്‍ണയിക്കാന്‍ ജസ്റ്റീസ് രാജേന്ദ്രബാബു കമ്മിറ്റിക്ക് അധികാരമില്ലെന്നും റെഗുലേറ്റ് ചെയ്യാന്‍ മാത്രമേ അധികാരമുള്ളുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫീസ് ഘടനയ്ക്കെതിരെ വിവിധ മാനേജ്മെന്റുകള്‍ വേവ്വെറെ ഹര്‍ജികള്‍ നല്‍കിയിരുന്നു. ഇവയില്‍ പിന്നീട് വാദം കേള്‍ക്കും.
സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളജുകളിലെ ഫീസ് ഘടന പുതുക്കി നിശ്ചയിച്ച്‌ കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. എം.ബി.ബി.എസിന് ഫീസ് 50,000 രൂപ കുറച്ചു. ജനറല്‍ സീറ്റില്‍ അഞ്ചു ലക്ഷമാക്കി. എന്‍.ആര്‍.ഐ സീറ്റില്‍ 20 ലക്ഷം രൂപയാക്കി.
അതേസമയം, ബി.ഡി.എസ് സീറ്റുകളിലെ ഫീസ് കൂട്ടി. ജനറല്‍ സീറ്റുകളില്‍ 2.9 ലക്ഷമാക്കി. ആര്‍.ആര്‍ഐ സീറ്റില്‍ ആറു ലക്ഷവുമായിരിക്കും ഫീസ്. പുതുക്കിയ ഫീസ് നിരക്ക് ജസ്റ്റീസ് രാജേന്ദ്ര ബാബു കമ്മിറ്റി ഹൈക്കോടതിയെ അറിയിച്ചിരുന്നു.




Sharing is Caring