ദിലീപിന്റെ ജാമ്യാപേക്ഷ 1.45ന് പരിഗണിക്കും; അന്വേഷണം പൂര്‍ത്തിയായതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡി അനാവശ്യമെന്ന് ഹര്‍ജി


നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. പ്രമുഖ അഭിഭാഷകന്‍ അഡ്വ.കെ.രാംകുമാര്‍ മുഖേനയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. കേസില്‍ താന്‍ നിരപരാധിയാണെന്നും തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും ദിലീപ് പറയുന്നു. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അടിസ്ഥാന രഹിതമാണ്. ക്രിമിനല്‍ ആണ് സുനില്‍കുമാറിന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അറസ്റ്റ്. തെളിവായി നിരത്തിയിരിക്കുന്നത് ദിലീപുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ്. അറസ്റ്റ് സംശയത്തിന്റെയും ഊഹാപോഹങ്ങളുടേയും അടിസ്ഥാനത്തിലാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ദിലീപിനെ മണിക്കൂറുകള്‍ ചോദ്യം ചെയ്തതാണ്. അന്വേഷണം പൂര്‍ത്തിയായതിനാല്‍ ഇനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കേണ്ടതിന്റെ കാര്യമില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി ഇന്നു തന്നെ പരിഗണിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
ഹര്‍ജിയില്‍ ഇന്ന് തീരുമാനം ഉണ്ടായില്ലെങ്കിലും പ്രാരംഭ വാദം നടന്നേക്കും. ഉച്ചയ്ക്ക് 1.45ന് ഹര്‍ജി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ദിലീപിനെ മനഃപൂര്‍വ്വം കേസില്‍ കുടുക്കുകയാണെന്നും അതുമായി ബന്ധപ്പെട്ട തെളിവുകളും ഹര്‍ജിക്കൊപ്പം നല്‍കിയേക്കും. ദിലീപിനെ അറസ്റ്റു ചെയ്തതിനുള്ള കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന് ഹാജരാക്കാനുണ്ടോയെന്ന വാദവും ഉന്നയിച്ചേക്കും.
അതേസമയം, ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കും. കേസിലെ രണ്ട് സുപ്രധാന വ്യക്തികളായ പ്രതീഷ് ചാക്കോയും ദിലീപിന്റെ മാനേജരായ അപ്പുണ്ണിയും ഒളിവിലാണ്. ഇവരെ അറസ്റ്റു ചെയ്ത് ദിലീപിനെ ഒപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. എങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. ദിലീപിനൊപ്പം ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണ് അപ്പുണ്ണി. ഇയാളെ ഒളിപ്പിച്ചത് ദിലീപിന്റെ കൂടി അറിവോടെയാണെന്നും പോലീസ് സംശയിക്കുന്നു. ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്നാണ് പോലീസിന്റെ വാദം.
കഴിഞ്ഞ ദിവസം ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത് സെഷന്‍സ് കോടതിയുടെ പരിധിയില്‍ വരുന്ന വകുപ്പുകളാണെന്നും ജാമ്യം നല്‍കുന്നത് കോടതിയുടെ അധികാരപരിധിക്ക് പുറത്താണെന്നതും പ്രോസിക്യൂഷന്‍ വാദങ്ങളും പരിഗണിച്ചായിരുന്നു ജാമ്യാപേക്ഷ തള്ളിയത്.




Sharing is Caring