സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചതായി അന്വേഷണ സംഘം


നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി അന്വേഷണ സംഘം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷമാണ് ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയോടൊപ്പം ജയിലില്‍ ഉണ്ടായിരുന്ന ചാര്‍ളിയുടെ രഹസ്യമൊഴിയെടുക്കാനുള്ള ശ്രമം ദിലീപ് തടഞ്ഞതായും അന്വേഷണ സംഘം പറഞ്ഞു. സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിദേശത്ത് പോകാന്‍ ദിലീപിന് അനുമതി നല്‍കരുതെന്ന്‌ സംഘം കോടതിയില്‍ ആവശ്യപ്പെടും.


തന്റെ വ്യാപാര സ്ഥാപനത്തിന്റെ ശാഖ ഉദ്ഘാടനത്തിന്റെ ഭാഗമായി വിദേശത്ത് പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചിരുന്നു. കോടതിയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലാണ് സാക്ഷികളെ സ്വാധീനിച്ച കാര്യവും ഉള്‍പ്പെടുത്തുക. ചൊവ്വാഴ്‌ചയാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുക. എട്ടാം പ്രതിയാണ് ദിലീപ്.




Sharing is Caring