സംസ്ഥാനത്ത് കലാപങ്ങള്‍ നടത്തി അരാജകത്വം സൃഷ്ടിക്കാന്‍ ആര്‍എസ്എസ് ശ്രമം :കോടിയേരി

സംസ്ഥാനത്ത് കലാപങ്ങള്‍ നടത്തി അരാജകത്വം സൃഷ്ടിക്കാനാണ് ആര്‍.എസ്.എസ് ശ്രമമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു. അക്രമ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സാധിക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി കോടിയേരിയും രംഗത്തെത്തിയിരിക്കുന്നത്.
തിരുവനന്തപുരം നഗരസഭാ മേയര്‍ക്കെതിരെ നടന്ന ആക്രമണം അരാജകത്വം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ്. കോര്‍പ്പറേഷന്‍ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ മേയര്‍ക്കെതിരെ ആസുത്രിതമായ ആക്രമണമാണ് നടന്നത്. കൗണ്‍സിലര്‍മാരല്ലാത്തവരാണ് ആക്രമണത്തിന് പിന്നില്‍. ചരിത്രത്തിലില്ലാത്ത സംഭവമാണ് തിരുവനന്തപുരത്ത് നടന്നതെന്നും കോടിയേരി പറഞ്ഞു. കരിക്കകത്ത് സമാധാനപരമായി പ്രകടനം നടത്തുകയായിരുന്ന സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ ബി.ജെ.പി ആക്രമണം നടത്തുകയായിരുന്നുവെന്നും കോടിയേരി ആരോപിച്ചു.
മേയറെ വധിക്കാന്‍ ശ്രമിച്ചതിനുപിന്നാലെ സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെയും പ്രവര്‍ത്തകര്‍ക്കുനേരെയും ആര്‍എസ്എസ്- ബിജെപി ആക്രമണം നടത്തിയിരുന്നു. ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധര്‍ മന്ദിരത്തിനുമുന്നിലുള്ള പി കൃഷ്ണപിള്ളയുടെ സ്മാരകസ്തൂപത്തിന്റെ ചില്ലുകള്‍ തകര്‍ത്തിരുന്നു. ബി.ജെ.പി ആക്രമണങ്ങള്‍ക്കെതിരെ സി.പി.ഐ.എം തിങ്കളാഴ്ച തലസ്ഥാനത്ത് പ്രതിഷേധ ദിനം ആചരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *