സര്‍ക്കാരിനു തിരിച്ചടി: സെന്‍കുമാറിനെ പൊലിസ് മേധാവിയാക്കണമെന്ന് സുപ്രിം കോടതി


പൊലിസ് മേധാവി സ്ഥാനത്തു നിന്ന് പിണറായി സര്‍ക്കാര്‍ പുറത്താക്കിയ ടി.പി സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് സുപ്രിം കോടതി വിധി. 2016 മെയ് 27 നാണ് സെന്‍കുമാറിനെ മാറ്റിയത്.


ജിഷ വധക്കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം എന്നീ വിഷയത്തില്‍ പൊലിസിന്റെ നടപടി പോരെന്നു കാട്ടിയാണ് പൊലിസ് മേധാവി സ്ഥാനത്തു നിന്ന് സെന്‍കുമാറിനെ മാറ്റി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത്. എന്നാല്‍ ഇക്കാര്യങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടി പൊലിസ് മേധാവിയെ മാറ്റാനാവില്ലെന്ന് സുപ്രിം കോടതി വിധിയില്‍ പറഞ്ഞു.


പൊലിസ് മേധാവി സ്ഥാനത്തു നിന്നു നീക്കിയതിനെ ചോദ്യം ചെയ്ത് സെന്‍കുമാര്‍ നല്‍കിയ ഹരജയിലാണ് നടപടി.

സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടുദിവസത്തിനകം തന്നെ പൊലിസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റാന്‍ കാരണം സി.പി.എമ്മിനുണ്ടായ പകയാണെന്നാണ് സെന്‍കുമാര്‍ വാദിച്ചത്. എന്നാല്‍ ജിഷ കേസ്, പുറ്റിങ്ങല്‍ കേസ് എന്നിവയിലെ പൊലിസിന്റെ വീഴ്ചയെത്തുടർന്നാണ് നടപടിയെടുത്തതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്.

ഈ വാദം തള്ളിയ സുപ്രിംകോടതി, ഹരജി പരിഗണിക്കുന്ന വേളയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. വീഴ്ച കാട്ടിയാണ് സെന്‍കുമാറിനെ മാറ്റിയതെങ്കില്‍ ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരത്തെത്തുടര്‍ന്ന് ഡി.ജി.പിയെ മാറ്റിയോ എന്നും കോടതി ചോദിച്ചിരുന്നു.



Sharing is Caring