ശ്രാദ്ധച്ചടങ്ങുകള്‍ അവസാനിച്ചു…ദിലീപ് തിരികെ ജയിലിലേക്ക്


കൊച്ചി: പിതാവിന് ബലിയിടാനായി വീട്ടിലെത്തിയ നടന്‍ ദിലീപ് ശ്രാദ്ധച്ചടങ്ങുകള്‍ക്ക് ശേഷം ജയിലിലേക്ക് മടങ്ങി. ആലുവയിലെ വീട്ടിലെ ശ്രാദ്ധച്ചടങ്ങുകള്‍ക്ക് ശേഷം ബലിയിട്ടാണ് ദിലീപ് മടങ്ങിയത്. പത്തുമണിയോടെ ആലുവ സബ്ജയിലില്‍ പ്രവേശിച്ചു.വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് ദിലീപിനെ പോലീസ് ആലുവ കൊട്ടാരക്കരയിലെ വീട്ടിലെത്തിച്ചത്. ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി രണ്ടുമണിക്കൂറാണ് ദിലീപിന് കോടതി ഇളവ് അനുവദിച്ചത്. ദിലീപിന്റെ അമ്മ, ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി തുടങ്ങി ബന്ധുക്കളെല്ലാവരും തന്നെ ചടങ്ങില്‍ പങ്കെടുത്തു.
ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി രണ്ടു മണിക്കൂര്‍ നേരത്തേക്കാണ് ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇളവ് അനുവദിച്ചത്. ദിലീപ് വീട്ടിലെത്തി നിമിഷങ്ങള്‍ക്കകം തന്നെ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. ആലുവ കൊട്ടാരക്കടവില്‍ പെരിയാറിന്റെ തീരത്തുള്ള ദിലീപിന്റെ വീട്ടിലാണ് ചടങ്ങുകള്‍ നടന്നത്. സുരക്ഷാ കാരണങ്ങളാല്‍ ആലുവ മണപ്പുറത്തെ ചടങ്ങുകളില്‍ ദിലീപിനെ പങ്കെടുപ്പിച്ചില്ല. ചടങ്ങുകള്‍ക്കു ശേഷം വീട്ടുകാര്‍ക്കൊപ്പം ദിലീപ് ഭക്ഷണം കഴിച്ചു. വീട്ടില്‍ മധുരവിതരണം നടത്തി.
നടന്റെ സുരക്ഷയ്ക്കായി 200 ഓളം പൊലീസുകാരെ നിയോഗിച്ചിരുന്നു. ആലുവ ഡിവൈഎസ്പിക്കായിരുന്നു സുരക്ഷാച്ചുമതല. റിമാന്‍ഡില്‍ കഴിയുന്ന പ്രതിയായ ദിലീപിന് അനുകൂലമായി ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ പ്രകടനം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നു പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം. ചെലവു സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ടു വച്ചിരുന്നു. കേസില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഒരു തവണ മജിസ്‌ട്രേട്ട് കോടതിയും രണ്ടു തവണ ഹൈക്കോടതിയും തള്ളിയിരുന്നു.




Sharing is Caring