ശിവകാശിയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് എട്ടു പേര്‍ മരിച്ചു


തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് എട്ടു പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പൊള്ളലേറ്റു. ശിവകാശിയിലെ പടക്ക വില്‍പന ശാലയിലെ ഗോഡൗണില്‍ ഉച്ചയോടെയാണ് തീ പിടിച്ചത്.


ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അഗ്‌നിശമന സേനയുടെ 35 യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തില്‍ ഗോഡൗണ്‍ പൂര്‍ണമായി കത്തിയെരിഞ്ഞു. ദീപാവലി അടുത്തു വരുന്നതിനാല്‍ വന്‍ തോതില്‍ പടക്കം ഗോഡൗണില്‍ സൂക്ഷിച്ചിരുന്നു. ഇതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.


അപകടത്തില്‍ പരിക്കേറ്റവരെ ശിവകാശിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിത്തമുണ്ടായി പടക്കങ്ങള്‍ പൊട്ടിത്തെറിച്ചതാണോയെന്ന കാര്യം പരിശോധിക്കുന്നുണ്ട്. ശിവകാശിയില്‍ പടക്കശാലകളില്‍ തീപിടിത്തങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്.

ദീപാവലി സീസണ്‍ തുടങ്ങുമ്പോള്‍ അനധികൃതമായും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പടക്കങ്ങള്‍ സൂക്ഷിക്കുന്നതാണ് പലപ്പോഴും ദുരന്തത്തിന് വഴിയൊരുക്കുന്നത്. ഈ മാസം ആദ്യം ഇതേ സ്ഥലത്ത് പടക്കശാലയ്ക്ക് തീപിടിച്ചിരുന്നു.



Sharing is Caring