വ്യാപം കുംഭകോണക്കേസ് സി ബി ഐയ്ക്ക് വിട്ട് സുപ്രീം കോടതി ഉത്തരവ്


vyapam-protest_647_070815011504ദില്ലി: മധ്യപ്രദേശിലെ വ്യാപം കുംഭകോണക്കേസ് അന്വേഷണം സി ബി ഐയ്ക്ക് വിട്ട് സുപ്രീം കോടതി ഉത്തരവ്. ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും സി ബി ഐ ഏറ്റെടുക്കണം. തിങ്കളാഴ്ച തന്നെ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കണം.


അന്വേഷണത്തില്‍ കോടതിയുടെ മേല്‍നോട്ടം വേണമോയെന്ന് സി ബി ഐ അറിയിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതിയുടെ നിര്‍ദേശം.


കേസ് സി ബി ഐ അന്വേഷിക്കാന്‍ തയ്യാറാണെന്ന് വാദം പുരോഗമിക്കുന്നതിനിടെ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ അറിയിക്കുകയായിരുന്നു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും. അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം ആവശ്യമുണ്ടോയെന്ന് ഇതിനകം സി ബി ഐ വ്യക്തമാക്കണം.

അതേസമയം, ആരോപണം നേരിടുന്ന മധ്യപ്രദേശ് ഗവര്‍ണര്‍ രാം നാരേഷ് യാദവിനെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ച കോടതി ഗവര്‍ണര്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയച്ചു. ആദ്യമായാണ് ഗവര്‍ണര്‍ക്ക് കോടതി നേരിട്ട് നോട്ടീസ് അയക്കുന്നത്. നാലാഴ്ചയ്ക്കും മറുപടി നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു.



Sharing is Caring