വോട്ടിംഗ് യന്ത്രത്തിലെ തട്ടിപ്പ്; ഹാക്കര്‍ക്കെതിരെ പരാതിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍


ദില്ലി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന ഹാക്കറുടെ വെളിപ്പെടുത്തലിന് എതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊലീസില്‍ പരാതി നല്‍കി. ഹാക്കര്‍ക്കെതിരെ കേസെടുക്കുകയും മറ്റ് നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസിലാണ് പരാതി നല്‍കിയിട്ടുള്ളത്. ലണ്ടനില്‍ വിളിച്ച പത്രസമ്മേളനത്തിലാണ് ഇവിഎം നിര്‍മാണത്തില്‍ പങ്കാളിയായ അമേരിക്കന്‍ ഹാക്കറുടെ വെളിപ്പെടുത്തല്‍. യുഎസ് സൈബര്‍ വിദഗ്ദന്‍ സൈദ് ഷുജയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. വോട്ടിങ് യന്ത്രങ്ങള്‍ എങ്ങനെ ഹാക്ക് ചെയ്യാമെന്ന് വെളിപ്പെടുത്താനായിരുന്നു പത്രസമ്മേളനം. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നുവെന്ന് ഇവര്‍ പറയുന്നു.മന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടേയും ഗൗരി ലങ്കേഷിന്റേയും കൊലപാതകത്തിനു പിന്നില്‍ വോട്ടിംഗ് യന്ത്ര ക്രമക്കേടുമായി ബന്ധമുണ്ടെന്നും ഹാക്കര്‍ വെളിപ്പെടുത്തിയിരുന്നു.




Sharing is Caring