പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ കേരളം മാതൃക: മന്ത്രി എ.കെ. ബാലന്‍


തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ കേരളം മാതൃകയാണെന്ന് സാംസ്‌കാരിക പിന്നാക്കക്ഷേമ വകുപ്പുമന്ത്രി എ.കെ. ബാലന്‍. ഗുണമേന്മയുള്ള വിദ്യാഭ്യാസവും മെച്ചപ്പെട്ട തൊഴിലവസരങ്ങളുമാണ് ഈ രംഗത്ത് സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്.


ഭൂമിയില്ലാത്ത പട്ടികവര്‍ഗക്കാര്‍ക്ക് വിടുനിര്‍മിക്കാന്‍ പരിമിതമായിട്ടാണെങ്കിലും ഭൂമി നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആനാട് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


നന്ദിയോട് ആനാട് ഗ്രാമപഞ്ചായത്തുകളുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി ആനാട് പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്തിന്റെ രേഖകള്‍ മന്ത്രി ജല അതോറിറ്റിക്കു കൈമാറി. മാലിന്യ സംസ്‌കരണവും പ്ലാസ്റ്റിക് നിര്‍മാര്‍ജനവും ലക്ഷ്യമിട്ട് ഹരിത സേനയുടെ പ്രവര്‍ത്തനവും ഇതോടൊപ്പം ആരംഭിച്ചു.

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ലാപ്‌ടോപ്പ് വിതരണം മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി നിര്‍വഹിച്ചു. എ. സമ്ബത്ത് എം.പിയുടെ എം.പി ഫണ്ടുപയോഗിച്ചു ആനാട് കുടുംബാരോഗ്യത്തിനു നല്‍കിയ ആംബുലന്‍സിന്റെ കൈമാറ്റവും ചടങ്ങില്‍ നടന്നു.

ഡി.കെ. മുരളി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, ജില്ലാ പഞ്ചായത്തംഗം ആനാട് ജയന്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Sharing is Caring