വിദ്യാര്‍ഥി രാഷ്ട്രീയം പുന:സ്ഥാപിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് എ കെ ആന്റണി


കലാലയങ്ങളിലെ വിദ്യാര്‍ഥി രാഷ്ട്രീയം പുന:സ്ഥാപിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. വിദ്യാലയങ്ങളില്‍ രാഷ്ട്രീയസമരം വേണ്ടെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആന്റണിയുടെ പരാമര്‍ശം. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണം. ഹൈക്കോടതിയുടെ തീരുമാനം വര്‍ഗീയശക്തികളുടെ അഴിഞ്ഞാട്ടത്തിന് വഴിയൊരുക്കുമെന്നും ആന്റണി പറഞ്ഞു.


വിദ്യാര്‍ഥി രാഷ്ട്രീയം വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ എന്നിവരും രംഗത്തെത്തിയിരുന്നു.


കോടതിവിധി ദൗര്‍ഭാഗ്യകരമാണെന്നു പറഞ്ഞ അച്യുതാനന്ദന്‍ കോടതിവിധിക്കെതിരെ തുടര്‍നടപടി സ്വീകരിക്കണമെന്നും പറഞ്ഞു. കോളേജുകളില്‍ സംഘടനാ പ്രവര്‍ത്തനം നടത്താന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. വിദ്യാര്‍ഥി രാഷ്ട്രീയം വിലക്കിയ ഹൈക്കോടതി ഉത്തരവ് യാഥാര്‍ഥ്യബോധമില്ലാത്തതാണെന്ന് സുധീരന്‍ പ്രതികരിച്ചു.



Sharing is Caring