വഞ്ചിയൂര്‍ കോടതിക്കു പുറത്ത് ചാനല്‍ വാഹനങ്ങള്‍ക്കു നേരെ അഭിഭാഷകരുടെ കല്ലേറ്


വഞ്ചിയൂര്‍ കോടതിയില്‍ വീണ്ടും മാധ്യമങ്ങള്‍ക്കു നേരെ ആക്രമണം. രാവിലെ ഇ.പി ജയരാജനെതിരായ കേസ് പരിഗണിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ ഒരു സംഘം അഭിഭാഷകര്‍ ബലമായി ഇറക്കി വിട്ടതിനു പിന്നാലെ ചാനല്‍ മാധ്യമങ്ങളുടെ വാഹനങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി. കോടതി വളപ്പിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ചാനലുകളുടെ തത്സമയ റിപ്പോര്‍ട്ടിംഗിനുള്ള ഡി.എസ്.എന്‍.ജി വാനുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കോടതി വളപ്പിനുള്ളില്‍ നിന്നാണ് കല്ലേറ്. മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകളുടെ വാഹനങ്ങള്‍ക്കു നേരെയാണ് ശക്തമായ ആക്രമണം നടന്നത്.
ജയരാജന് എതിരായ ഹര്‍ജിയില്‍ വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണത്തിന്‍റെ പുരോഗതി അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
സര്‍ക്കാരിന് എതിരായ കോടതി പരാമര്‍ശം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്നത്തെ ആക്രമണം.
മുഖ്യമന്ത്രിയുടെ നിയമോപദേശകനായി മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ ദാമോദരന്‍റെ് നിയമനം വിവാദമായതോടെയാണ് അഭിഭാഷകര്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ ശത്രുക്കളായത്. സര്‍ക്കാര്‍ എതിര്‍കക്ഷിയായ കേസുകളില്‍ ദാമോദരന്‍ ഹാജരാകുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിതിനെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്ന് സര്‍ക്കാരിന് പിന്മാറേണ്ടി വന്നിരുന്നു. ഇതിനു പിന്നലെയാണ് ഹൈക്കോടതി മുതല്‍ സംസ്ഥാനത്തെ കീഴ്ക്കോടതികളിലെല്ലാം മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകരുടെ വേട്ട അഴിച്ചുവിട്ടത്.




Sharing is Caring