ലോക്കപ്പ് മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


kottayam-murder-305x192കോട്ടയം: മരങ്ങാട്ടുപിള്ളിയില്‍ ലോക്കപ്പ് മര്‍ദനത്തെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരങ്ങാട്ടുപിള്ളി പാറയില്‍ സിബി (40) ആണ് മരിച്ചത്. ഒരാഴ്ചയായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തലച്ചോറിലെ ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് സിബിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ സിബി മരണത്തിന് കീഴടങ്ങി.


പൊതുസ്ഥലത്തു മദ്യപിച്ച കുറ്റത്തിന് മരങ്ങാട്ടുപിള്ളി പോലീസാണ് സിബിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ പിറ്റേദിവസം സിബിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു സ്‌റ്റേഷനില്‍ നിന്നു ബന്ധുക്കളുടെ സഹായത്തോടെ പോലീസ് പാലാ ജനറല്‍ ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും സിബിയെ പ്രവേശിപ്പിച്ചു.


പോലീസ് മര്‍ദനമാണ് തലയ്ക്ക് പരിക്കേല്‍ക്കാനും ഗുരുതരാവസ്ഥയിലാകാനും കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിവെണമെന്ന ആവശ്യം ശക്തമാണ്. പ്രതിഷേധ പരിപാടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടന്നിരുന്നു. നടപടി ആവശ്യപ്പെട്ടു സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനടക്കം സിബിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും ചെയ്തു.



Sharing is Caring