റാങ്കിങ്ങില്‍ ഇന്ത്യയും അശ്വിനും


പുതുക്കിയ ടെസ്റ്റ് റാങ്കിങ് ഐസിസി പുറത്തിറക്കി. ന്യൂസിലന്‍ഡിനെതിരായ പരമ്പര ജയത്തോടെ ഒന്നാം സ്ഥാനം ഉറപ്പിച്ച ഇന്ത്യയ്ക്ക് രണ്ടാമതുള്ള പാക്കിസ്ഥാനേക്കാള്‍ നാലു പോയിന്റ് മുന്‍തൂക്കം. ബൗളര്‍മാരിലും ഓള്‍റൗണ്ടര്‍മാരിലും ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനാണ് ഒന്നാമത്. ബാറ്റ്‌സ്മാന്മാരില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത്.


ടീം റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് 115 പോയിന്റ്. പാക്കിസ്ഥാന്‍ (111), ഓസ്‌ട്രേലിയ (108), ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസിലന്‍ഡ്, വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ്, സിംബാബ്‌വെ ടീമുകള്‍ തുടര്‍ സ്ഥാനങ്ങളില്‍. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര ജയമാണ് പാക്കിസ്ഥാന്റെ സ്ഥാനം സുരക്ഷിതമാക്കിയത്.


അശ്വിന്‍ 900 പോയിന്റ് നേടിയാണ് ബൗളര്‍മാരില്‍ മുന്നിലുള്ളത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ (878), ഇംഗ്ലണ്ട് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ (861) എന്നിവര്‍ തുടര്‍സ്ഥാനങ്ങളില്‍. 805 പോയിന്റുമായി ഏഴാമതുള്ള രവീന്ദ്ര ജഡേജ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യക്കാരന്‍. 451 പോയിന്റുമായി അശ്വിന്‍ ഓള്‍റൗണ്ടര്‍മാരില്‍ മുന്‍പിലുള്ളത്. 292 പോയിന്റുള്ള രവീന്ദ്ര ജഡേജ അഞ്ചാമത്.



Sharing is Caring