റാം റഹീമിന് ഏഴു വർഷം തടവ കിട്ടാൻ സാധ്യത , അക്രമികളെ കണ്ടാൽ വെടി വെക്കാൻ നിർദേശം


ഗുർമീത് റാം റഹിമിന് ഇന്ന് ശിക്ഷ വിധിക്കാനിരിക്കെ ഹരിയാനയിൽ കലാപ സാധ്യത മുൻ നിർത്തി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഉച്ചക്ക് 2 30നാണ് ശിക്ഷ വിധിക്കുക. അക്രമികളെ കണ്ടാൽ വെടി വെക്കാനാണ് ഉത്തരവ് നൽകിയിരിക്കുന്നത്.


ഏഴു വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് റാം റഹീമിനെതിരെ ചുമത്തിയിരിക്കുന്നത്. റോഹ്ത്തക്കിലെ സുനൈറക്കു സമീപം ജില്ലാ ജയിലിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കോടതിയിൽ സി ബി ഐ കോടതി ജഡ്ജ് ജഗദീപ് സിങ്ങാണ് ശിക്ഷ വിധിക്കുക.


രണ്ടു വിശ്വാസികളെ ബലാത്‌സംഗം ചെയ്‌തെന്ന കേസിൽ ഗുർമീത് കുറ്റക്കാരൻ ആണെന്ന് സി ബി ഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ഗുർമീതിന്റെ അനുയായികൾ നടത്തിയ കലാപത്തിൽ 38 പേരാണ് കൊല്ലപ്പെട്ടത്. ഇന്ന് ശിക്ഷ വിധിക്കുമ്പോഴും കലാപത്തിന് സാധ്യത ഉണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. അത് കൊണ്ട് തന്നെ ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത ആണ് പുലർത്തുന്നത്.

പ്രദേശവാസികളോട് വീടിനുള്ളിൽ തന്നെ ഇരിക്കാനാണ് നിർദേശം. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ വസതിക്കു മുന്നിലും കനത്ത സുരക്ഷ ഏർപ്പാടാക്കിയിട്ടുണ്ട്. അതെ സമയം സിർസയിലെ ദേര സച്ചാ സൗദ ആസ്ഥാനത്തു തമ്പടിച്ച ഗുർമീത് അനുയായികളെ ഒഴിപ്പിക്കാൻ നടപടി തുടങ്ങി. 700 ഏക്കറിലുള്ള ഇവിടുത്തെ ആശ്രമത്തിൽ 30000 പേരാണ് തമ്പടിച്ചിരിക്കുന്നത്.



Sharing is Caring