ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലെത്തിയ രാഹുല്‍ കരുണാനിധിയുടെ ആരോഗ്യവിവരങ്ങള്‍ തിരക്കി. കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി സന്ദര്‍ശനത്തിനുശേഷം രാഹുല്‍ മാധ്യമങ്ങളോടു പറഞ്ഞു.
കഴിഞ്ഞ ദിവസം കരുണാനിധിയുടെ രക്തസമ്മര്‍ദം ക്രമാതീതമായി കുറഞ്ഞത് ആശങ്ക പരത്തിയിരുന്നെങ്കിലും ചൊവ്വാഴ്ച അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന സൂചന.

ശനിയാഴ്ച പുലര്‍ച്ചെയാണു കരുണാനിധിയെ ഗോപാലപുരത്തെ വസതിയില്‍നിന്ന് കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി പരിസരം ഡിഎംകെ അണികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആശുപത്രിയിലും ചെന്നൈയിലെ പ്രധാന കേന്ദ്രങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.













