രാജ്ഭവനിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു. രാജ്ഭവനിലെ പരിപാടികൾക്ക് ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കത്ത് നൽകും. മന്ത്രിസഭായോഗം വിശദമായി വിഷയം ചർച്ച ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി കത്ത് നൽകുന്നത്.
രാജ്ഭവനിലെ ഔദ്യോഗിക പരിപാടികൾ അല്ലെങ്കിൽ പോലും ഔദ്യോഗിക ചിഹ്നങ്ങൾ മാത്രം ഉപയോഗിക്കണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്ത് നൽകുക.മന്ത്രിമാരായ വി ശിവൻകുട്ടി, പി പ്രസാദ് എന്നിവരാണ് വേദിയിൽ ഭാരതാംബ ചിത്രം വെച്ചതിനെ തുടർന്ന് രാജ്ഭവൻ പരിപാടികൾ ബഹിഷ്കരിച്ചത്. രാജ്ഭവനിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ചാണ് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയത്.

ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രാജ്ഭവൻ തനി രാഷ്ട്രീയ കേന്ദ്രമാകുകയാണെന്നും കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം താൻ പരിപാടി ബഹിഷ്കരിക്കുകയായിരുന്നെന്നും ശിവന്‍കുട്ടി നേരത്തെ പ്രതികരിച്ചിരുന്നു.













