ചാലക്കുടി പരിയാരത്ത് ഭൂമി ഇടപാടുകാരന്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഈര്‍ജിതമെന്ന് പൊലീസ്. കേസില്‍ ആരോപണ വിധേയനായ അഭിഭാഷകന്‍ സി പി ഉദയഭാനുവിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ പൊലീസ് പരിശോധിക്കും.
അഭിഭാഷകന്‍ സി പി ഉദയഭാനുവില്‍നിന്ന് ഭീഷണിയുണ്ടെന്നു കാണിച്ച് രാജീവ് കൊച്ചി പോലീസില്‍ പരാതി നല്‍കിയിരുന്നു. രാജീവിന്റെ മകന്‍ അഖിലിനെ അഭിഭാഷകന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും പരാതി ലഭിച്ചിരുന്നു. പിടിയിലായ ഷൈജു നല്‍കിയ മൊഴിയിലും ഉദയഭാനുവിന്റെ പേരുണ്ടെന്ന് പോലീസ് പറഞ്ഞു.

പ്രതികള്‍ കൊലയ്ക്ക് മുമ്പും ശേഷവും നടത്തിയ ഫോണ്‍ വിളികള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ജോണിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ പരിശോധിക്കുന്നതിനൊപ്പം ഉദയഭാനുവിന്റെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. അതേസമയം, അറസ്റ്റിലായ ഷൈജു, സുനില്‍, സത്യന്‍, രാജന്‍ എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ പിടിയിലാകാനുള്ള അങ്കമാലി സ്വദേശി ജോണിക്കും സഹായി രഞ്ജിത്തിനുമായി തിരച്ചില്‍ തുടരുകയാണ്.













