ചാലക്കുടി പരിയാരത്ത് കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും പൊലീസ് അനങ്ങില്ലെന്ന് ആരോപണം. രാജീവിന്റെ മകന് അഖിലാണ് പൊലീസിനെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ചത്. റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ സ്വാധീനത്തിന് പൊലീസ് വഴങ്ങിയെന്നും അഖില്‍ ആരോപിച്ചു.
അച്ഛന് വധിക്കപ്പെടുമെന്ന ഭയമുണ്ടായിരുന്നു. അതിനാല്‍ പലപ്പോഴായി പൊലീസിന്റെ സഹായം തേടി. എന്നാല്‍ അപ്പോഴൊന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് നീതി കിട്ടിയില്ല. കൊച്ചിയിലെ അഭിഭാഷകനായ സിപി ഉദയഭാനുവും വസ്തു ബ്രോക്കറായ ജോണിയും വധഭീഷണി മുഴക്കിയെന്ന് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്കി. ഹൈക്കോടതിയെയും സമീപിച്ചു. എന്നിട്ടും നെടുമ്പാശ്ശേരി പൊലീസ് സംരക്ഷണം നല്‍കിയില്ലെന്ന് അഖില്‍ ആരോപിച്ചു.
അതേസമയം രാജീവ് കൊല്ലപ്പെട്ടതിന് ശേഷം പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്ന് കുടുംബാംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഗൂഢാലോചന നടത്തിയവര്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. കൊല ചെയ്ത നാല് പേരെ പൊലീസ് ചാലക്കുടി കോടതിയില്‍ ഇന്ന് ഹാജരാക്കും. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനായ അങ്കമാലി ചക്കര ജോണിയും രഞ്ജിത് പൈനാടത്തും ഒളിവിലാണ്.













