അഴിമതിക്ക് പരസ്യമായി അനുമതി നല്കുന്നതാണെന്ന വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് രാജസ്ഥാനിലെ വിവാദ ഓര്‍ഡിനന്‍സ് ബില്ല് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് കൈമാറി. ബില്ല് മൗലികാവകാശങ്ങളുടെ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ തിങ്കാള്ച രാത്രി അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തിരുന്നു. തുടര്‍ന്ന് നിയമം പുനഃപരിശോധിക്കാന്‍ പ്രത്യേക പാനലിനെ നിയോഗിക്കാന്‍ യോഗത്തില്‍ തീരുമാനമായി. മാധ്യമങ്ങള്‍ക്കെതിരെയുള്ള ഓര്‍ഡിനന്‍സിലെ പരാമര്‍ശമാണ് പുനഃപരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്
ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെയുള്ള നിയമ നടപടി തടയുന്ന ഓര്‍ഡിനന്‍സ് പുറത്തിറക്കിയതുമുതല്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. അഴിമതിക്കാരായ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്ന ഓര്‍ഡിനന്‍സാണ് ഇതെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു. സര്‍ക്കാറിന്റെ അനുമതിയില്ലാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ അഴിമതി കേസുകളില്‍ കോടതിക്ക് നിയമനടപടി സ്വീകരിക്കാനാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ഓര്‍ഡിനന്‍സ്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ നല്കുന്നതില് നിന്നാണ് മാധ്യമങ്ങളെ വിലക്കിയത്. ഇത്തരത്തില്‍ സര്‍ക്കാറിന്റെ അനുമതിയില്ലാതെ കുറ്റാരോപിതനായ വ്യക്തിയുടെ പേര് മാധ്യമങ്ങളില്‍ പരാമര്‍ശിക്കുന്നത് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകരമാണെന്നായിരുന്നു ഓര്‍ഡിനന്‍സ്. ഇത് പുനഃപരിശോധിക്കാനാണ് ധാരണയായിരിക്കുന്നത്.

ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും തിങ്കളാഴ്ച ഓര്‍ഡിനന്‍സ് നിയമസഭയില്‍ സമര്‍പ്പിച്ചിരുന്നു. ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ തടസപ്പെടുത്തുകയും മാധ്യമസ്വാതന്ത്ര്യം തടയുന്ന ഓര്‍ഡിനന്‍സിനെതിരെ എഡിറ്റേഴ്സ് ഗില്‍ഡ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് മുതിര്‍ന്ന അഭിഭാഷകനായ എകെ ജെയിന് രാജസ്ഥാന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള സഭയില്‍ മൂന്നു ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഓര്‍ഡിനന്‍സ് പാസാക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമപ്രവര്‍ത്തകരും ബിജെപിയിലെ തന്നെ രണ്ട് എംഎല്‍എ മാരും ഓര്‍ഡിനന്‍സിനെതിരെ രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായത്. ഓര്‍ഡിനന്‍സ് പുനഃപരിശോധിക്കാന്‍ വസുന്ധര രാജെ മുന്‍കൈ എടുത്തതോടെ ബില്ല് സെലക്ഷന് കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ചേക്കും.













