വട്ടിപ്പലിശ ഭീഷണി: അമ്മയും മക്കളും കലക്ട്രേറ്റിന് മുന്നില്‍ തീകൊളുത്തി മരിച്ചു


കലക്‌ട്രേറ്റിനുമുന്നില്‍ ഒന്നു കരയുകപോലും ചെയ്യാതെ അഞ്ചുവയസുകാരി നിന്നുകത്തി. കൂടെ അമ്മയും കുഞ്ഞനുജത്തിയും, നൊമ്ബര കാഴ്ചയായി ചിത്രങ്ങള്‍ പുറത്ത്. വട്ടപ്പലിശക്കാരുടെ ഭീഷണിക്കെതിരെ കലക്‌ട്രേറ്റില്‍ പരാതി പറയാന്‍ വന്ന അച്ഛന്റെയും അമ്മയുടെയും കൂടെ വന്നതാണ് ഈ പെണ്‍കുട്ടി. കൂടെയുണ്ടായിരുന്ന അനുജത്തി തൊട്ടടുത്ത് കരിഞ്ഞു വീണു. അച്ഛന്റെയും അമ്മയുടെയും പരാതികളെല്ലാം തീയില്‍ തീരുന്നതും അവള്‍ അതേ നില്‍പ്പില്‍ നിന്ന് കണ്ടിട്ടുണ്ടാകണം.


മുന്‍പ് ആറു തവണ ഇതേ കലക്ടറുടെ മുന്നില്‍ ഈ കുടുംബം പരാതിയുമായി വന്നിട്ടുണ്ട്. ഇവര്‍ കലക്ടര്‍ക്ക് മുന്നില്‍ നല്‍കുന്ന പരാതികള്‍ ഓരോ തവണയും പോലീസ് സ്റ്റേഷനിലേക്കു പോകും. എന്നാല്‍ പരാതി വായിച്ചശേഷം വട്ടിപ്പലിശക്കാരുടെ ഭാഗത്താണ് ന്യായമെന്നു കരുതുന്ന പോലീസ് ആ പരാതി അങ്ങ് കീറിക്കളയും.
വട്ടപ്പലിശക്കാരില്‍ നിന്നും കുടുംബം 1.45ലക്ഷം കടമായി വാങ്ങിയിരുന്നു. അത് പലിശയടക്കം 2.34ലക്ഷമായി തിരികെ നല്‍കി. എന്നിട്ടും പലിശക്കാരുടെ ഭീഷണി തുടര്‍ന്നു. ഭീഷണിക്കെതിരെ പോലീസ് സ്റ്റേഷനിലും കലക്‌ട്രേറ്റിലും മാറി മാറി കയറി പരാതി നല്‍കിയിട്ടും പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറായില്ല. ഒടുവില്‍ ഭീഷണി സഹിക്കാനാകാതെ വന്നപ്പോള്‍ കുടുബം കലക്ടറേറ്റിലെത്തി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി.


പലിശയും പലിശയുടെ പലിശയും അടച്ച് മതിയായ കുടുംബം തങ്ങള്‍ക്ക് മുന്നില്‍ അധികൃതരും കണ്ണുതുറക്കാതെ വന്നതോടെ മരണമാണ് എളുപ്പവഴിയെന്ന് കരുതി ഒടുവില്‍ അതില്‍ അഭയം പ്രാപിച്ചതായിരിക്കാം. ഗൃഹനാഥനായ ഇസക്കിമുത്തു ഗുരതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യ സുബുലക്ഷ്മിയും മക്കളായ അഞ്ചു വയസുകാരി ശരണ്യ, ഒന്നര വയസുകാരി അക്ഷയ ഭരണിക എന്നിവരാണ് വെന്തു മരിച്ചത്.



Sharing is Caring