ലക്‌നോ: കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് ബി.ജെ.പിയെ വെള്ളം കുടിപ്പിച്ച എസ്.പി- ബി.എസ്.പി സഖ്യം പൊളിയുന്നതായി സൂചന. ഇനിമുതല്‍ ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.എസ്.പി പ്രവര്‍ത്തകര്‍ കര്‍മനിരതരാകില്ലെന്നു മായാവതി പ്രഖ്യാപിച്ചു.
ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സഖ്യത്തിനു കനത്ത തിരിച്ചടി നല്‍കി ശ്രദ്ധ നേടിയതിനു പിന്നാലെയാണു സഖ്യത്തില്‍ വിള്ളലുകള്‍ രൂപപ്പെടുന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നത്. 2019 വരെ ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ സമാജ്‌വാദി പാര്‍ട്ടി ഒറ്റയ്ക്കുതന്നെ മല്‍സരിക്കണമെന്ന സൂചനയാണു മായാവതി നല്‍കുന്നത്.

വാര്‍ത്താ കുറിപ്പിലൂടെയാണു പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അവര്‍ ആവര്‍ത്തിക്കുകയും ചെയ്തു. ബി.എസ്.പിയുടെ ജില്ലാ, സോണല്‍ കോര്‍ഡിനേറ്റര്‍മാരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് തീരുമാനം.
ഇക്കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണ ലഭിച്ചിട്ടും ബി.എസ്.പി സ്ഥാനാര്‍ഥി ഭീം റാവു അംബേദ്കറിനു ജയിക്കാനാകാതെ പോയതിനു പിന്നാലെയാണു തല്‍ക്കാലത്തേക്കു സഖ്യം ചേര്‍ന്നുള്ള പ്രവര്‍ത്തനം നിര്‍ത്താനുള്ള മായാവതിയുടെ തീരുമാനം.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ഥി തോറ്റതില്‍ സമാജ്‌വാദി പാര്‍ട്ടിയോടുള്ള വിയോജിപ്പ് പരോക്ഷമായി പ്രകടിപ്പിച്ചു മായാവതി നേരത്തെ രംഗത്തെത്തിയിരുന്നു.












