നോട്ട് അസാധുവാക്കിയ നടപടിയിലൂടെ കള്ളപ്പണവും കള്ളനോട്ടും സ്വീകരിച്ച് വെള്ളപ്പണമാക്കുകയാണ് ചെയ്തതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 31 വരെയുള്ള കണക്കുവെച്ച് അസാധുവാക്കിയതില്കൂടുതല് പണം തിരികെ എത്തിയതായി ഭയക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു. സിപിഐ എം കേന്ദ്രകമ്മിറ്റിക്ക് അനുബന്ധമായി പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.
നരേന്ദ്രമോഡി ജനങ്ങളൂടെ പോക്കറ്റടിക്കുകയാണ്. ജനങ്ങളുടെ പണം പിടിച്ചെടുത്തിട്ട് ചില ഇളവുകള്‍ നല്‍കാമെന്നാണ് അവരോട് പറയുന്നത്. നോട്ട് അസാധു ആക്കിയ നടപടിയുടെ ലക്ഷ്യങ്ങള്‍ എല്ലാം കൈവരിച്ചെന്നാണ് ബിജെപി അവകാശപ്പെടുന്നത്. കള്ളപ്പണം എല്ലാം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു എന്നാണവര്‍ പറയുന്നത്. എന്നാല്‍, 2014ലെ തെരഞ്ഞെടുപ്പ് റാലികളില്‍ മോഡി അവകാശപ്പെട്ടത് കള്ളപ്പണം 90 ശതമാനവും വിദേശത്താണെന്നും അത് തിരിച്ചുപിടിക്കുമെന്നാണ്. വിദേശത്തെ കള്ളപ്പണം തിരിച്ചുപിടിക്കാന്‍ ഇതുവരെ ഒരു നടപടിപോലും കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. പിന്നെങ്ങനൊയാണ് കള്ളപ്പണം തിരികെ പിടിച്ചെന്ന് അവകാശപ്പെടുന്നത്. യെച്ചൂരി ചോദിച്ചു.














