മെമ്മറി കാര്‍ഡിനായുള്ള ദിലീപിന്‍റെ ഹര്‍ജി മാറ്റി


ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യതെളിവായ ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഫെബ്രുവരി അവസാനത്തിലേക്ക് മാറ്റി.


ദിലീപിന് മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് നല്‍കരുതെന്ന് ഇത് ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പോലീസ് സത്യവാങ്മൂലം നല്‍കിയിരുന്നു. പ്രതിയായ ദിലീപും അഭിഭാഷകനും വിചാരണ കോടതിയുടെ സാന്നിധ്യത്തില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടതാണ്. പിന്നെ എന്തിനാണ് പകര്‍പ്പ് ചോദിക്കുന്നതെന്നും പ്രതിക്ക് ഇതിനുള്ള അവകാശമില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.


പോലീസ് സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ദിലീപ് ഒരാഴ്ചത്തെ സമയം തേടിയതോടെയാണ് കോടതി കേസ് ഫെബ്രുവരി അവസാനത്തേക്ക് മാറ്റിയത്. കേസിലെ പ്രധാന തെളിവെന്ന് പോലീസ് അവകാശപ്പെടുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നും ഇത് പരിശോധിക്കുന്നതിന് പകര്‍പ്പ് വേണമെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം.



Sharing is Caring