മുഖ്യമന്ത്രിയുടെ പെരുമാറ്റം ഏകാധിപതിയെ പോലെ; സിപിഐ സംസ്ഥാനസമ്മേളനത്തില്‍പിണറായി വിജയനെതിരെ വിമര്‍ശനം


മലപ്പുറം: സിപിഐ സംസ്ഥാനസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം. സമ്മേളനത്തിലെ പൊതുചര്‍ച്ചയിലാണ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയായി മാറിയെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. സിപിഐയുടെ മന്ത്രിയായ ഇ ചന്ദ്രശേഖരനെതിരെയും വിമര്‍ശനം ഉണ്ടായി.


ഘടകക്ഷികളുടെ വകുപ്പുകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അനാവശ്യമായി ഇടപെടുകയാണ്. ഉദ്യോഗസ്ഥരെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ചില ഉദ്യോഗസ്ഥര്‍ യുഡിഎഫ് ശൈലിയിലാണ് പെരുമാറുന്നത്. സര്‍ക്കാരിന് മോശം പ്രതിച്ഛായ ഉണ്ടാക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. മുഖ്യമന്ത്രിയുടെ ഒന്‍പത് ഉപദേശകര്‍ എല്‍ഡിഎഫ് നയത്തിന് എതിരായാണ് പ്രവര്‍ത്തിക്കുന്നത്. പൊതുചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ ഉന്നയിച്ചു.


റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇ ചന്ദ്രശേഖരന്‍ നായരെ പോലെ സിപിഐയ്ക്ക് അഭിമാനമായിരുന്ന മുന്‍ മന്ത്രിമാരെ കണ്ടുപഠിക്കണം. പേരില്‍ ചന്ദ്രശേഖരന്‍ ഉണ്ടായിട്ട് കാര്യമില്ല, പ്രവര്‍ത്തനത്തിലും വേണം. റവന്യൂവകുപ്പ് കാര്യക്ഷമമായി കൊണ്ടുപോകാന്‍ മന്ത്രിക്ക് കഴിയുന്നില്ല. ഉദ്യോഗസ്ഥഭരണമാണ് വകുപ്പില്‍ നടക്കുന്നത്. പാര്‍ട്ടി നയങ്ങള്‍ക്ക് അനുസരിച്ചല്ല വകുപ്പില്‍ കാര്യങ്ങള്‍ നടക്കുന്നത്.

കരുനാഗപ്പള്ളി എംഎല്‍എ ആര്‍ രാമചന്ദ്രനെതിരെയും വിമര്‍ശനം ഉയര്‍ന്നു. ചവറ മണ്ഡലംകമ്മറ്റിക്ക് വേണ്ടി സ്ഥലം വാങ്ങിയതിലും വിറ്റതിലുമുള്ള ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എയ്ക്കെതിരായ വിമര്‍ശനം. തലശ്ശേരി മണ്ഡലം സമ്മേളനത്തില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമുണ്ടായിട്ടും ഇടപെട്ടില്ല, തലശ്ശേരിയില്‍ വോളിബാള്‍ ടൂര്‍ണമെന്റ് സുതാര്യമായി നടത്തുന്നതില്‍ വീഴ്ച പറ്റി എന്നിവ ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാവ് സിഎന്‍ ചന്ദ്രനെതിരെയും വിമര്‍ശനം ഉണ്ടായി. സമ്മേളനത്തില്‍ അവതരിപ്പിച്ച കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ചന്ദ്രനെതിരായ പരാമര്‍ശം.

പാര്‍ട്ടി ദേശീയ-സംസ്ഥാന നേതൃത്വത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പാര്‍ട്ടിയില്‍ ഒരു കാനം മാത്രം പോരെന്നും കൂടുതല്‍ പേര്‍ നേതൃനിരയിലേക്ക് ഉയര്‍ന്ന് വരണമെന്നും അഭിപ്രായം ഉണ്ടായി. സമയാസമയങ്ങളില്‍ പ്രതികരിക്കാതെ മാറി നില്‍ക്കുന്നെന്നാണ് ദേശീയ നേതൃത്വത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനം. ഇത് പ്രശ്നങ്ങള്‍ വഷളാക്കുന്നതായും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. കനയ്യ കുമാറിനെ മുന്‍നിര്‍ത്തി ബിജെപിയെ നേരിടാത്തത് ദേശീയ നേതൃത്വത്തിന്റെ പെരുന്തച്ചന്‍ കോംപ്ലക്സ് മൂലമാണെന്ന് തൃശൂരില്‍ നിന്നുള്ള കെപി സന്ദീപ് കുറ്റപ്പെടുത്തി.



Sharing is Caring