തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിന്ന് നളിനി നെറ്റോ രാജിവെച്ചു. മുഖ്യമന്ത്രിക്ക് ഉച്ചക്ക് രാജിക്കത്ത് നല്കി. ഓഫീസിലെ ചിലരുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമായിരിക്കുന്നതെന്നാണ് സൂചന. തെരഞ്ഞടുപ്പ് കഴിയുന്നതു വരെ തുടരണമെന്ന് നളിനി നെറ്റോയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്ബോള്‍ അഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ മുഖ്യമന്ത്രി തന്റെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. 1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് നളിനി നെറ്റോ.
തിരുവനന്തപുരം ജില്ലാ കളക്ടര്‍, സംസ്ഥാന ടൂറിസം ഡയറക്ടര്‍, നികുതി, സഹകരണ രജിസ്ട്രേഷന്, ജലസേചനം, ഗതാഗതം തുടങ്ങിയ വകുപ്പുകളില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒമ്ബതുവര്‍ഷം സംസ്ഥാനത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആയിരുന്നു. സംസ്ഥാനത്ത് ആ സ്ഥാനത്തിരുന്ന ആദ്യ വനിതയുമാണ്.













