ബീഹാറിലെ ബുദ്ധഗയയിലെ പ്രസിദ്ധമായ മഹാബോധി ക്ഷേത്രത്തിൽ സുരക്ഷാ ഓഡിറ്റിംഗ് നടത്താൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു. ക്ഷേത്രത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഉടൻ നടപ്പാക്കാനുദ്ദേശിക്കുന്ന സൈനികവിന്യാസത്തിന് മുന്നോടിയായാണ് ഓഡിറ്റിംഗ് നടത്തുന്നത്.
രണ്ടാഴ്ച മുമ്പാണ് ക്ഷേത്രത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി അർദ്ധസൈനിക വിഭാഗമായ സി.ഐ.എസ്.എഫിനെ ചുമതലപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ആണവകേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലും സി.ഐ.എസ്.എഫ് തന്നെയാണ് സുരക്ഷാ ചുമതല വഹിക്കുന്നത്. 2013 ജൂലൈ ഏഴിന് ബുദ്ധഗയയിൽ നടന്ന ബോംബ് സ്ഫോടനത്തെ തുടർന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ, ക്ഷേത്രത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കുന്നതിനുള്ള ഓഡിറ്റിംഗ് നടത്തിയിരുന്നെങ്കിലും ആ റിപ്പോർട്ട് കാലഹരണപ്പെട്ടതിനെ തുടർന്നാണ് പുതിയ ഓഡിറ്റിംഗ് നടത്തുന്നത് . സി.ഐ,എസ്.എഫ് , ബിഹാർ പൊലീസ്, ജില്ലാ ഭരണകൂടം, ക്ഷേത്രഭരണ സമിതി എന്നിവർ ചേർന്നാണ് ഓഡിറ്റ് നടത്തുന്നത്. ഓഡിറ്റ് റിപ്പോർട്ട് തയ്യാറായതിനു ശേഷം അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും.

യുനസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള മഹാബോധി ക്ഷേത്രം സന്ദർശിക്കാൻ വർഷം തോറും ലക്ഷക്കണക്കിന് പേരാണെത്തുന്നത്. ശ്രീബുദ്ധന് ഇവിടുത്തെ ബോധിമരച്ചുവട്ടിൽ വച്ചാണ് ജ്ഞാനോദയം ലഭിച്ചതെന്നാണ് വിശ്വാസം.













