മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞിന് വീട്ടിലെത്തിയപ്പോള്‍ ജീവന്‍


ആശുപത്രി അധികൃതര്‍ മരിച്ചെന്ന് പറഞ്ഞ കുഞ്ഞിന് വീട്ടിലെത്തിയപ്പോള്‍ ജീവന്‍ വെച്ചു. ഡല്‍ഹി സഫ്ദാര്‍ജങ് ആശുപത്രിയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. രാവിലെ 5 മണിയോടെയാണ് ശാന്തി ദേവി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മാസം തികയാതെയായിരുന്നു പ്രസവം. ജനന സമയത് 460 ഗ്രാം മാത്രമായിരുന്നു കുട്ടിയുടെ തൂക്കം.


എന്നാല്‍ കുഞ്ഞിന് അനക്കം ഇല്ലായിരുന്നു. കുട്ടിയെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കുഞ്ഞിന് ജീവനില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. മാതാപിതാക്കള്‍ക്ക് കൈമാറുകയും ചെയ്്തു. വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിന് അനക്കമുണ്ടെന്ന കണ്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തുകയായിരുന്നു.


സീല്‍ ചെയ്ത പാക്കിലാണ് കുഞ്ഞിനെ അധികൃതര്‍ കൈമാറിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കുടുംബത്തിലെ സ്ത്രീകള്‍ ഇല്ലായിരുന്നുവെങ്കില്‍ കുഞ്ഞിനെ സീല്‍ ചെയ്ത് തന്ന പോളിത്തീന്‍ കവര്‍ തുറക്കില്ലായിരുന്നുവെന്നും പിതാവ് രോഹിത് കുമാര്‍ പറഞ്ഞു. നവജാത ശിശുവിന്റെ മുഖം കാണാനായി അവര്‍ നിര്‍ബന്ധിച്ചു. തുറന്നപ്പോള്‍ അവന്‍ കൈയും കാലും അനക്കുന്നുണ്ടായിരുന്നു-രോഹിത് പറഞ്ഞു.

തെറ്റ് അംഗീകരിച്ച ആശുപത്രി അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ രൂപീകരിച്ചു. ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



Sharing is Caring